ഭാര്യയെ സംശയം, ബലമായി മദ്യം കുടിപ്പിച്ച് കൊല; യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞത് പഴുതടച്ച അന്വേഷണത്തിൽ

0
222

കൊച്ചി: പൊലീസിന്‍റെ പഴുതടച്ച അന്വേഷണത്തിനൊടുവിൽ ചോറ്റാനിക്കരയിലെ 37കാരിയുടെ മരണം ഭര്‍ത്താവ് നടത്തിയ കൊലപാതകമെന്ന് തെളിഞ്ഞു. എരുവേലിയില്‍ പാണക്കാട്ട് വീട്ടിൽ ഷൈജു (37) വിനെയാണ് ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

ഡിസംബര്‍ 25നാണ് സംഭവം നടന്നത്. ഭാര്യ ശാരിയെ വീട്ടിലെ കിടപ്പുമുറിയിലെ കഴുക്കോലിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി എന്നാണ് ഷൈജു പറഞ്ഞത്. ഷൈജുവാണ് ശാരിയെ ആശുപത്രിയില്‍ എത്തിച്ചത്. ഷാൾ മുറിച്ചാണ് ശാരിയെ താഴെയിറക്കിയതെന്നും പറഞ്ഞു. തുടർന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.

ഭാര്യയെ സംശയത്തിന്റെ പേരിൽ ഷൈജു കഴുത്തിൽ ഷാൾ കൊണ്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഡിസംബര്‍ 25 ന് ഉച്ചയോടെ മദ്യപിച്ചെത്തിയ ഷൈജു ഭാര്യയെ ബലമായി മദ്യം കുടിപ്പിച്ചു. തുടർന്ന് അവശനിലയിലായ ശാരിയുടെ കഴുത്തിൽ ചുരിദാറിന്റെ ഷാൾ മുറുക്കി . മരണം ഉറപ്പാക്കാൻ ശാരി ധരിച്ചിരുന്ന നൈറ്റി വായിലും മൂക്കിലും ചേർത്ത് അമർത്തി. ശാരി ജീവനൊടുക്കിയതാണെന്ന് വരുത്തിത്തീർക്കാൻ ഷാളുകൾ കൂട്ടിക്കെട്ടി കിടപ്പുമുറിയുടെ കഴുക്കോലിൽ കെട്ടിത്തൂക്കാൻ ശ്രമിച്ചു. അതിന് കഴിയാതെ വന്നപ്പോഴാണ് ചോറ്റാനിക്കരയിലെ ആശുപത്രിയിൽ എത്തിച്ചത്.

പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയും സംഭവ സ്ഥലത്തെ തെളിവും ഷൈജുവിന്റെ മൊഴിയും സാക്ഷിമൊഴികളും അന്വേഷണത്തില്‍ നിർണായകമായി. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. പുത്തൻകുരിശ് ഡിവൈഎസ്പി ടി ബി വിജയൻ, ഇൻസ്പെക്ടർമാരായ കെ പി ജയപ്രസാദ്, കെ ജി ഗോപകുമാർ, ഡി എസ് ഇന്ദ്ര രാജ്, വി രാജേഷ് കുമാർ, എ എസ് ഐ ബിജു ജോൺ, സി പി ഒ രൂപഷ്തുടങ്ങിയവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങും.

 

LEAVE A REPLY

Please enter your comment!
Please enter your name here