മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന്റെ മുംബൈയിലെയും രത്‌നഗിരിയിലെയും സ്വത്തുക്കൾ കേന്ദ്രസർക്കാർ ലേലം ചെയ്യും. ജനുവരി അഞ്ചിനാണ് ലേലം. ബംഗ്ലാവും മാമ്പഴത്തോട്ടവും അടക്കം നാല് സ്വത്തുവകകൾ നേരത്തെ ഫോറിൻ എക്‌സ്‌ചേഞ്ച് ആക്ട് പ്രകാരം കണ്ടുകെട്ടിയിരുന്നു. ഇവയാണ് ലേലം ചെയ്യുന്നത്.
നേരത്തെയും ദാവൂദിന്റെ ഉടമസ്ഥതയിലുള്ള വസ്തുക്കൾ കേന്ദ്രം ലേലം ചെയ്തിരുന്നു. 4.53 കോടി വിലവരുന്ന റസ്‌റ്റോറന്റും 3.53 കോടി മൂല്യം വരുന്ന ആറ് ഫ്‌ളാറ്റുകളും 3.52 കോടിയുടെ ഗസ്റ്റ് ഹൗസുമായിരുന്നു ലേലം ചെയ്തത്. രത്‌നഗിരി ഖേദ് ജില്ലയിലെ വസ്തുക്കൾ ദാവൂദിന്റെ സഹോദരി ഹസീന പാർക്കറിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതിനിടെ ദാവൂദ് മരിച്ചതായി അടുത്തിടെ വാർത്തകളുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ അടുത്ത അനുയായിയായ ഛോട്ടാ ഷക്കീൽ അത് നിഷേധിച്ച് രംഗത്തെത്തി. ദാവൂദ് ആരോഗ്യവാനാണെന്നും അദ്ദേഹത്തിന് വിഷബാധയേറ്റെന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും ഛോട്ടാ ഷക്കീൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പതിറ്റാണ്ടുകളായി ദാവൂദ് ഇബ്രാഹീം പാകിസ്താനിലാണ് താമസിക്കുന്നത്. 1992ലെ മുംബൈ സ്‌ഫോടനപരമ്പരക്ക് പിന്നാലെയാണ് ദാവൂദ് പാകിസ്താനിലേക്ക് കടന്നത്.