‘തെലങ്കാനയും ഛത്തീസ്ഗഡും കോൺ​ഗ്രസ് പിടിക്കും’; മധ്യപ്രദേശ് ബിജെപി നിലനിർത്തും, ഭൂരിപക്ഷ സർവ്വേ പ്രവചനം ഇങ്ങനെ

0
163

ദില്ലി: അ‍ഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നു. മധ്യപ്രദേശ് ബിജെപി നിലനിര്‍ത്തുമെന്ന് ഭൂരിപക്ഷം സര്‍വേകളും പ്രവചിക്കുമ്പോള്‍ രാജസ്ഥാനില്‍ ഇന്ത്യ ടുഡെ ആക്സിസ് മൈ ഇൻഡ്യ പോള്‍ തൂക്ക് സഭയുടെ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. തെലങ്കാനയിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് പിടിക്കുമെന്ന ഭൂരിപക്ഷ പ്രവചനം മിസോറാമില്‍ ഭരണമാറ്റ സാധ്യതയും കാണുന്നു.

അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധിയറിയാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കേ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. മധ്യപ്രദേശില്‍ 140 മുതല്‍ 162 സീറ്റുവരെ ബിജെപി നേടുമെന്നാണ് ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ പോള്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 68 മുതല്‍ 90 സീറ്റു വരെ കിട്ടാം. മറ്റുള്ളവര്‍ 3 സീറ്റുകളിലേക്ക് ഒതുങ്ങാം. ജന്‍ കി ബാത്ത്, ടുടെഡെയ്സ് ചാണക്യ തുടങ്ങിയ എക്സിറ്റ് പോള്‍ പ്രവചനങ്ങളും ബിജെപി ഭരണം നിലനിര്‍ത്തുന്നതിന്‍റെ സൂചന നല്‍കുന്നു. അതേസമയം, ടി വി നയന്‍ ഭാരത് വര്‍ഷ് പോള്‍ സ്ട്രാറ്റ് എക്സിറ്റ്പോൾ കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിക്കുമെന്ന് പ്രവചിക്കുന്നു.111 മുതല്‍ 128 സീറ്റ് വരെ കിട്ടാം. ദൈനിക് ഭാസ്കറിന്‍റെ പ്രവചനവും കോണ്‍ഗ്രസിന് അനുകൂലമാണ്. സ്ത്രീവോട്ടര്‍മാരുടെ നിലപാട് മധ്യപ്രദേശില്‍ നിര്‍ണ്ണായകമാകാമെന്നാണ് വിലയിരുത്തല്‍.

രാജസ്ഥാനില്‍ എബിപി സി വോട്ടര്‍, ജന്‍ കി ബാത്തടക്കം ഭൂരിപക്ഷം പ്രവചനങ്ങളും ബിജെപിക്ക് മുന്‍തൂക്കം നല്‍കുമ്പോള്‍ ഇന്ത്യ ടു ഡെ ആക്സിസ് മൈ ഇന്ത്യ 86 മുതല്‍ 106 വരെ സീറ്റുകള്‍ കോണ്‍ഗ്രസിനും, 80 മുതല്‍ 100 വരെ സീറ്റുകള്‍ ബിജെപിക്കും പ്രവചിക്കുകയാണ്. പാളയത്തിലെ പോര് ഇരു കൂട്ടര്‍ക്കും തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലില്‍ ജാതി വോട്ടുകളും രാജസ്ഥാനിലെ ഗതി നിര്‍ണ്ണയത്തിലെ പ്രധാന ഘടകമാകും. ഛത്തീസ്​ഗഡില്‍ ഭൂരിപക്ഷം സര്‍വേകളും കോണ്‍ഗ്രസിന് മുന്‍ തൂക്കം നല്‍കുന്നു. ബിജെപിക്ക് കുറച്ചൊക്കെ തിരിച്ചുവരാനായെന്നും സര്‍വേകള്‍ പറയുന്നു. ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്‍ഡ്യ തൂക്ക് സഭക്കുള്ള സാധ്യതയും തള്ളുന്നില്ല. തെലങ്കാനയില്‍ കോണ്‍ഗ്രസിന്‍റെ മുന്നേറ്റമാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസ് 70 സീറ്റുകള്‍ വരെ നേടി അധികാരത്തിലെത്താനുള്ള സാധ്യയാണ് പല സര്‍വേകളും നല്‍കിയിരിക്കുന്നത്. മിസോറമില്‍ ചെറുപാര്‍ട്ടികളും കോണ്‍ഗ്രസിനും ഒപ്പം ചേര്‍ന്ന് സൊറാം പീപ്പിള്‍സ് മൂവ്മെന്‍റ് സര്‍ക്കാരുണ്ടാക്കാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. മണിപ്പൂര്‍ കലാപം മിസോറമില്‍ ഭരണകക്ഷിയായ എന്‍‍ഡിഎക്ക് തിരിച്ചടിയായേക്കുമെന്നും പ്രവചനങ്ങള്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here