ബൗളര്‍ ആര്, തന്ത്രമെന്ത്? എല്ലാം ഒരുമിനിറ്റില്‍ വേണം…ക്രിക്കറ്റില്‍ ഇനിമുതല്‍ സ്‌റ്റോപ്പ് ക്ലോക്ക്

0
121

കളി എങ്ങോട്ടും തിരിയാമെന്ന ഘട്ടത്തില്‍, ആലോചിച്ച് പന്തെറിയുന്ന ഒരു സ്ഥിതിവിശേഷം ക്രിക്കറ്റില്‍ സാധാരണമായി കാണാറുണ്ട്. അവസാന ഓവറുകളില്‍ ജയം അങ്ങോട്ടും ഇങ്ങോട്ടും മാറിമറിഞ്ഞേക്കാവുന്ന സ്ഥിതിയില്‍, ക്യാപ്റ്റനും സഹബൗളര്‍മാരും ചേര്‍ന്നുള്ള കൂടിയാലോചനകള്‍ക്കു ശേഷമായിരിക്കും തന്ത്രങ്ങള്‍ രൂപപ്പെടുത്തുക. എങ്ങനെ എറിയണം, റണ്‍സ് എങ്ങനെ നിയന്ത്രിക്കണം, ഫീല്‍ഡിങ് എങ്ങനെ ആസൂത്രണം ചെയ്യണം തുടങ്ങി ഒരുകൂട്ടം ആലോചനകള്‍. മഹേന്ദ്ര സിങ് ധോണിയുടെ കീഴിലൊക്കെ ഇത്തരം ബുദ്ധിപരമായ നീക്കങ്ങള്‍ എത്രയോ കണ്ടതാണ്. പലപ്പോഴും അത്തരം തന്ത്രങ്ങള്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്.

സമയമെടുത്ത് തന്ത്രമാവിഷ്‌കരിക്കാനാവില്ല

ക്രിക്കറ്റില്‍ പക്ഷേ, ഇനി ആ പരിപാടി നടക്കില്ല. രണ്ട് ഓവറുകള്‍ക്കിടയിലുള്ള സമയം നിയന്ത്രിക്കുന്ന പുതിയ നിയമം അവതരിപ്പിച്ചിരിക്കുകയാണ് രാജ്യാന്തര ക്രിക്കറ്റ്‌ സംഘടനയായ ഐ.സി.സി. ബൗളിങ് ടീമിന് രണ്ട് ഓവറുകള്‍ക്കിടയില്‍ എടുക്കാവുന്ന പരമാവധി സമയം ഒരു മിനിറ്റായി കുറയ്ക്കാനുള്ള സ്‌റ്റോപ്പ് ക്ലോക്ക് സമയം ബുധനാഴ്ച പുലര്‍ച്ചേ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ്-ഇംഗ്ലണ്ട് ട്വന്റി20-യില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. ബാര്‍ബഡോസിലാണ് മത്സരം.

ഒരോവര്‍ പൂര്‍ത്തിയായി ഒരു മിനിറ്റിനകം അടുത്ത ഓവറിലെ ആദ്യ പന്തെറിയണം. അല്ലാത്ത പക്ഷം ഗ്രൗണ്ടില്‍ സ്ഥാപിച്ച സ്റ്റോപ്പ് ക്ലോക്കില്‍ അറിയിപ്പ് വരും. ഒരു കളിയില്‍ മൂന്നുതവണ ഇത് ആവര്‍ത്തിച്ചാല്‍ ബാറ്റ് ചെയ്യുന്ന ടീമിന് സൗജന്യമായി അഞ്ച് റണ്‍സ് അനുവദിക്കും. അഹമ്മദാബാദില്‍ ഐ.സി.സി.യുടെ ഗവേണിങ് ബോഡി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

ക്ലോക്ക് സ്ഥാപിക്കും

ഓവറുകള്‍ക്കിടയിലെ സമയം അറിയിക്കുന്ന ക്ലോക്ക് ഗ്രൗണ്ടില്‍ സ്ഥാപിക്കും. ഓവര്‍ പൂര്‍ത്തിയാവുന്നതോടെ തേഡ് അംപയറാണ് ഇതുസംബന്ധിച്ച തിട്ടപ്പെടുത്തല്‍ നടത്തുക. ഒന്നും രണ്ടും തവണ ലംഘിച്ചാല്‍ മുന്നറിയിപ്പ് നല്‍കും. മൂന്നാംതവണകൂടി 60 സെക്കന്‍ഡ് സമയം ലംഘിക്കുന്നതോടെ ഫീല്‍ഡ് ടീമിന് അഞ്ച് റണ്‍സ് പെനാല്‍ട്ടിയായി ലഭിക്കും.

കളിയുടെ വേഗം വര്‍ധിപ്പിക്കാനും ആരാധകരുടെ ആവേശം കെടാതെ സൂക്ഷിക്കാനും ലക്ഷ്യമിട്ടാണ് പുതിയ നിയമം. അതേസമയം സ്‌റ്റോപ്പ് ക്ലോക്ക് എല്ലാ കളിക്കാരും കാണത്തക്ക വിധത്തിലായിരിക്കും സ്ഥാപിക്കുക. സെക്കന്‍ഡുകള്‍ സംബന്ധിച്ച തര്‍ക്കങ്ങളും അനിശ്ചിതത്വങ്ങളും ഒഴിവാക്കാനാണിത്.

വിമര്‍ശകര്‍ ഉയര്‍ത്തുന്ന ആശങ്കകള്‍

കളിക്കിടയില്‍ ബൗളര്‍ക്ക് പരിക്കേല്‍ക്കാനിടയായാലോ ആകസ്മികമായി മറ്റെന്തെങ്കിലും പ്രശ്‌നം വന്നാലോ ഈ സമയപരിധി പ്രശ്‌നമാകും. അത്തരം ഘട്ടങ്ങള്‍ ഉയര്‍ത്തി ഈ നിയമത്തെ വിമര്‍ശിക്കുന്നവരുണ്ട്. മാത്രവുമല്ല, ഇത് കളിക്കാര്‍ക്ക് അനാവശ്യ സമ്മര്‍ദം നല്‍കാനുമിടയാക്കും. ക്രിക്കറ്റ് പന്തും ബാറ്റും കൊണ്ട് മാത്രമുള്ള കളിയല്ല, ബുദ്ധികൂടി ഉപയോഗിച്ചുള്ള കളിയാണല്ലോ. പുതിയ സമയപരിധി, തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ പ്രയാസം സൃഷ്ടിക്കുമെന്നും വിമര്‍ശിക്കുന്നവര്‍ വിലയിരുത്തുന്നു.

കളിയെ മൊത്തത്തില്‍ വേഗത്തിലാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ നീക്കം. ടെന്നീസ് ടൂര്‍ണമെന്റില്‍ പോയിന്റുകള്‍ക്കിടയില്‍ 25 സെക്കന്‍ഡ്‌സ് മാത്രമാണ് സെര്‍വിന് അനുവദിക്കുക. ഇതിന്റെ ചുവടുപിടിച്ചാണ് ക്രിക്കറ്റിലും സ്റ്റോപ്പ് ക്ലോക്ക് നിയമം വരുന്നത്. 2018 ക്രിക്കറ്റ് ലോകകപ്പില്‍തന്നെ ഇതുസംബന്ധിച്ച ആലോചനകള്‍ നടന്നിരുന്നു. മുന്‍ താരങ്ങളായ സൗരവ് ഗാംഗുലി, റിക്കി പോണ്ടിങ്, കുമാര്‍ സംഗക്കാര തുടങ്ങിയവരാണ് ഇതുസംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നത്.

ആറുമാസം, 59 മത്സരങ്ങളില്‍ പരീക്ഷണം

2023 ഡിസംബര്‍ 13 മുതല്‍ 2024 ഏപ്രില്‍ വരെയുള്ള കാലഘട്ടത്തില്‍ ഇത് പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പാക്കുക. ബുധനാഴ്ച പുലര്‍ച്ചേ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ്-ഇംഗ്ലണ്ട് ട്വന്റി20-യിലാണ് ആദ്യ പരീക്ഷണം. ബാര്‍ബഡോസിലാണ് മത്സരം. കേവലം ഒന്നോ രണ്ടോ മത്സരങ്ങളില്‍ മാത്രമുള്ള പരീക്ഷണമല്ല ഇത്. ആറുമാസക്കാലയളവിലുള്ള മത്സരങ്ങളില്‍ ഇത് പരീക്ഷിക്കും.

ഏകദിനവും ട്വന്റി20-യുമായി 59 മത്സരങ്ങളിലാണ് ഇക്കാലയളവില്‍ സ്റ്റോപ്പ് ക്ലോക്ക്‌ പരീക്ഷിക്കുക. പുരുഷന്മാരുടെ മത്സരങ്ങളില്‍ മാത്രമായിരിക്കും പരീക്ഷണം. നിയമം ആവിഷ്‌കരിക്കുന്നതുവഴിയുള്ള സങ്കീര്‍ണതകളും വെല്ലുവിളികളും മനസ്സിലാക്കി അവയ്‌ക്കെല്ലാം പരിഹാരം കണ്ടെത്താന്‍ ഉദ്ദേശിച്ചായിരിക്കും ഇത്രയും മത്സരങ്ങളില്‍ പരീക്ഷിക്കുന്നത്.

റണ്‍സ് പോവുക മാത്രമല്ല, സാമ്പത്തിക പ്രത്യാഘാതവും

നിയമം ലംഘിച്ചാല്‍ എതിര്‍ടീമിന് അഞ്ച് റണ്‍സ് ബോണസായി നല്‍കുക മാത്രമല്ല, കുറഞ്ഞ ഓവര്‍നിരക്കിന് നേരത്തെയുള്ള പിഴത്തുക അതേ പടി തുടരുകയും ചെയ്യും. ധനനഷ്ടവും റണ്‍സ് നഷ്ടവും വരുന്നതോടെ ടീമുകള്‍ ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കുമെന്നാണ് ഐ.സി.സി.യുടെ കണക്കുകൂട്ടല്‍.

ദീര്‍ഘനേരമുള്ള കളിയെന്ന നിലയില്‍ ക്രിക്കറ്റിനെതിരേ നേരത്തേതന്നെ വിമര്‍ശനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ട്വന്റി20 മത്സരങ്ങള്‍ പോലും വെട്ടിക്കുറച്ച് ടെണ്‍10 മത്സരങ്ങളാക്കണമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. അങ്ങനെയുള്ളൊരു സന്ദര്‍ഭത്തില്‍ കളിയെ ചടുലമാക്കി നിര്‍ത്തുന്ന സ്റ്റോപ്പ് ക്ലോക്ക് എന്ന സംവിധാനം സ്വാഗതാര്‍ഹമാണ്. കളിയുടെ വേഗവും ആവേശവും ജ്വലിപ്പിച്ചുനിര്‍ത്താന്‍ അതുവഴിയാകുമെന്നാണ് ഐ.സി.സി.യുടെ പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here