വിജയകാന്തിന്റെ മരണാനന്തര ചടങ്ങിലെത്തിയ വിജയിന് നേരേ ചെരുപ്പേറ്; വീഡിയോ

0
188

ചെന്നൈ: ദളപതി വിജയ്ക്ക് നേരെ ചെരുപ്പേറ്. അന്തരിച്ച നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് അന്തിമോപചാരം അറിയിച്ച് മടങ്ങവെയാണ് സംഭവം. തിക്കിലും തിരക്കിലും പെട്ട് വിജയ് കാറിലേക്ക് പോകുകയായിരുന്നു. ഈ അവസരത്തിലാണ് നടന് നേരെ ചെരുപ്പേറ് നടന്നിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. ആരാണ് ഇതിന് പിന്നിലെന്ന കാര്യത്തിൽ വ്യക്തതയില്ല.

ചെന്നൈയിലെ ഡിഎംഡികെ ആസ്ഥാനത്ത് ആയിരുന്നു വിജയകാന്തിന്റെ ഭൗതിക ശരീരം പൊതുദർശനത്തിന് വച്ചത്. ഒട്ടനവധി പേരാണ് പ്രിയ ക്യാപ്റ്റനെ അവസാനമായി ഒരുനോക്ക് കാണാനായി എത്തിച്ചേർന്നത്. വിജയിയും തന്റെ പ്രതിസന്ധിയിൽ താങ്ങായി, സിനിമയിൽ തനിക്കൊരു സ്ഥാനം നേടി തന്ന വിജയകാന്തിനെ കാണാൻ എത്തിയിരുന്നു. വളരെ വികാരാധീനനായാണ് വിജയിയെ ഇവിടെ കാണപ്പെട്ടത്. ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷം മടങ്ങവെയാണ് താരത്തിനെതിരെ ഇങ്ങനെ ഒരു അതിക്രമം നടന്നിരിക്കുന്നത്.

വീഡിയോ വൈറൽ ആയതിന് പിന്നാലെ നിരവധി പേരാണ് വിമർശനവുമായി രം​ഗത്ത് എത്തിയത്. വിജയ് ആരാധകരെല്ലാവരും വളരെ രോഷത്തോടെയാണ് വീഡിയോ ഷെയർ ചെയ്യുന്നത്. ഇത് ആര് ചെയ്താലും അവർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നാണ് ആരാധകരുടെ ആവശ്യം. ഇതര ഫാൻസുകാരും വിജയ് ആരാധകർക്ക് പിന്തുണയുമായി രം​ഗത്ത് എത്തിയിട്ടുണ്ട്.

അതേസമയം, ദളപതി 68ല്‍ ആണ് വിജയ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ട്രാവലിംഗ് കണ്‍സപ്റ്റിലുള്ള ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കട് പ്രഭു ആണ്. ഇതുവരെ പേരിടാത്ത ചിത്രത്തില്‍ മലയാളത്തിന്‍റെ പ്രിയ നടന്‍ ജയറാമും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ലിയോ ആണ് വിജയിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ലോകേഷ് കനകരാജ് ആയിരുന്നു സംവിധാനം. കേരളത്തിലടക്കം വന്‍ കളക്ഷന്‍ ചിത്രം നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here