കർണാടക നിയമസഭയിൽ സവർക്കർ; തീരുമാനം സ്പീക്കര്‍ക്ക് വിട്ട് സിദ്ധരാമയ്യ

0
194

ബംഗളൂരു: നിയമസഭയിലുള്ള വി.ഡി സവർക്കർ ഛായാചിത്രം നീക്കംചെയ്യുന്ന വിഷയത്തിൽ പ്രതികരണവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇക്കാര്യത്തിൽ സ്പീക്കർ യു.ടി ഖാദർ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സുവർണ വിധാൻസൗധയിൽ സ്വാതന്ത്ര്യസമര നായകന്മാർക്കൊപ്പം ചേർത്ത സംഘ്പരിവാർ ആചാര്യന്റെ ചിത്രം നീക്കംചെയ്യുമെന്ന വാർത്തകൾക്കിടെയാണു സിദ്ധരാമയ്യയുടെ പ്രതികരണം.

വിഷയം സ്പീക്കർക്കു വിട്ടിരിക്കുകയാണെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ കർണാടക മുഖ്യമന്ത്രി പറഞ്ഞു. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ഛായാചിത്രം നിയമസഭയിൽ സ്ഥാപിക്കാനുള്ള നിർദേശം ചർച്ച ചെയ്യുമെന്ന് നേരത്തെ യു.ടി ഖാദർ അറിയിച്ചിരുന്നു. 2022 ഡിസംബറിലാണ് മുൻ ബി.ജെ.പി സർക്കാർ സവർക്കറുടെ ചിത്രവും പ്രമുഖ നേതാക്കൾക്കൊപ്പം നിയമസഭയിൽ സ്ഥാപിച്ചത്.

ബി.ആർ അംബേദ്കർ, മഹാത്മാ ഗാന്ധി, സ്വാമി വിവേകാനന്ദ, സുഭാഷ് ചന്ദ്രബോസ്, സർദാർ വല്ലഭായി പട്ടേൽ എന്നിവർക്കൊപ്പമായിരുന്നു സവർക്കറിന്റെ ചിത്രവും സ്ഥാപിച്ചത്. അന്ന് മുഖ്യമന്ത്രിയും സ്പീക്കറുമായിരുന്ന ബസവരാജ് ബൊമ്മൈ, വിശ്വേശ്വർ ഹെഗ്‌ഡെ എന്നിവരാണു ചിത്രങ്ങൾ അനാഛാദനം ചെയ്തത്.

ഇതിനെതിരെ സിദ്ധരാമയ്യ, കർണാടക പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാർ എന്നിവരുടെ നേതൃത്വത്തിൽ നിയമസഭയ്ക്കു പുറത്ത് വൻ പ്രതിഷേധം നടന്നിരുന്നു. ഒരുതരത്തിലുള്ള ആലോചനയുമില്ലാതെ ഏകപക്ഷീയമായാണ് സഭയ്ക്കകത്ത് സവർക്കറിന്റെ ചിത്രം പ്രതിഷ്ഠിച്ചതെന്നാണ് അന്ന് സിദ്ധരാമയ്യ പറഞ്ഞിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here