രോഹിതിനെ മാറ്റി; ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ

0
128

മുംബൈ: ക്യാപ്റ്റൻസിയിൽ മാറ്റം പ്രഖ്യാപിച്ച് മുംബൈ ഇന്ത്യൻസ്. രോഹിത് ശർമ്മക്ക് പകരം ഇനി ഹാർദിക് പാണ്ഡ്യയായിരിക്കും ക്യാപ്റ്റൻ. തീരുമാനം ഔദ്യോഗികമായി തന്നെ മുംബൈ ഇന്ത്യൻസ് അറിയിച്ചു.

ഇത് ഇവിടുത്തെ ഭാവി നിർമിക്കുന്നതിന്റെ ഭാഗമാണ്. സചിൻ മുതൽ ഹർഭജൻ വരെയും റിക്കി മുതൽ രോഹിത് വരെയും അസാധാരണമായ നേതൃപാടവത്താൽ മുംബൈ ഇന്ത്യൻസ് എപ്പോഴും അനുഗ്രഹിക്കപ്പെട്ടിട്ടുണ്ട്. ആ ചരിത്രം തുടരാനായാണ് ഹാർദിക് പാണ്ഡ്യ 2024 സീസണിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനാവുന്നതെന്ന് ടീമിന്റെ ഗ്ലോബൽ പെർഫോമൻസ് ഹെഡ് മഹേല ജയവർധന പറഞ്ഞു.

മുംബൈ ഇന്ത്യൻസിനായി ക്യാപ്റ്റനെന്ന നിലയിൽ മികച്ച പ്രകടനം നടത്തിയ രോഹിത് ശർമ്മയോട് നന്ദി പറയുകയാണ്. അസാധാരണമായ മികവാണ് നായകനെന്ന നിലയിൽ 2013 മുതൽ രോഹിത് ശർമ്മ പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഹിത്തിന്റെ കൂടെ നിർദേശങ്ങൾ അനുസരിച്ചാണ് ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കുന്നതെന്നും ക്ലബ് അറിയിച്ചു.

നാടകീയതകൾക്കൊടുവിലാണ് ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞ രണ്ട് സീസണിലും ഗുജറാത്ത് ടൈറ്റൻസിന്റെ കുപ്പായത്തിലായിരുന്നു ഹാർദിക് ഇറങ്ങിയത്. ആദ്യ സീസണിൽ ടീമിനെ കിരീട വിജയത്തിലേക്ക് നയിക്കാൻ ഹാർദികിന് കഴിഞ്ഞിരുന്നു. കഴിഞ്ഞ സീസണിൽ ​ടീമിന് ഫൈനൽ ബെർത്ത് ഉറപ്പിക്കാനും ഹാർദിക്കിന്റെ നായക മികവിന് കഴിഞ്ഞിരുന്നു. ഇതിനിടയിലാണ് ​വൻ തുകക്ക് ഹാർദിക്കിനെ പഴയ തട്ടകത്തിലേക്ക് എത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here