ദോഹ: താമസ, സന്ദര്‍ശക വിസകളില്‍ കുടുംബങ്ങളെ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. പുതിയ മാനദണ്ഡങ്ങളും വ്യവസ്ഥകളും പ്രാബല്യത്തിലായി. നടപടികള്‍ എളുപ്പമാക്കി കൊണ്ടുള്ള നിബന്ധനകളാണ് പ്രസിദ്ധീകരിച്ചത്.
ഫാമിലി, റെസിഡന്‍സി, സന്ദര്‍ശക വിസക്കായി മെട്രാഷ് രണ്ട് ആപ്ലിക്കേഷന്‍ വഴി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ നല്‍കുമ്പോള്‍ അപേക്ഷകന്റെ ആണ്‍മക്കള്‍ക്ക് 25 വയസ്സില്‍ കൂടാന്‍ പാടില്ല. പെണ്‍മക്കള്‍ അവിവാഹിതരായിരിക്കണം. ആറിനും പതിനെട്ടിനുമിടയില്‍ പ്രായമുള്ള മക്കള്‍ ഖത്തറിലോ, രാജ്യത്തിന് പുറത്തോ വിദ്യാഭ്യാസം നല്‍കുന്നതായി സാക്ഷ്യപ്പെടുത്തണം. ഖത്തറിന് പുറത്തെ സ്‌കൂളിലാണ് പഠിക്കുന്നതെങ്കില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്ലാറ്റ്‌ഫോം മുഖേന സ്‌കൂള് പ്രവേശനത്തിന്റെ തെളിവ് ഹാജരാക്കണം.
കുടുംബത്തിന് ആരോഗ്യ ഇന്‍ഷുറന്‍സും ഉറപ്പാക്കണം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുറഞ്ഞത് 10,000 റിയാല്‍ ശമ്പളക്കാരാകണം. സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവരാണെങ്കിൽ ടെക്നികൽ, സ്പെഷ്യലൈസ്ഡ് വിഭാഗം (തൊഴിലാളികൾ അല്ലാത്തവർ)പ്രഫഷണലുകൾക്കാണ് കുടുംബ വിസക്ക് അപേക്ഷിക്കാൻ കഴിയുക. 10,000 റിയാലിൽ കുറയാത്ത ശമ്പളം വേണം. 6,000 റിയാൽ ശമ്പളമുള്ളവരാണെങ്കിൽ കമ്പനിയുടെ കീഴിൽ കുടുംബത്തിനുള്ള താമസസൗകര്യം ഉണ്ടായിരിക്കണം. കുടുംബ വീസ സംബന്ധിച്ച് തൊഴിൽ കരാറിൽ രേഖപ്പെടുത്തിയിട്ടുണ്ടാകണം.