ചൈനയിലെ ന്യൂമോണിയ; ഇന്ത്യയിൽ സ്ഥിരീകരിച്ചെന്ന റിപ്പോർട്ട്, കേന്ദ്രം തളളി

0
88

ദില്ലി: ചൈനയിൽ പടരുന്ന ന്യൂമോണിയ ഇന്ത്യയിലും സ്ഥിരീകരിച്ചിരുന്നുവെന്ന റിപ്പോർട്ട് തളളി കേന്ദ്രം. റിപ്പോർട്ട് വസ്തുതാ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. ദില്ലി എയിംസിൽ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 7 പേർക്ക് രോ​ഗം സ്ഥിരീകരിച്ചിരുന്നുവെന്നാണ് ഇം​ഗ്ലീഷ് മാധ്യമം റിപ്പോർട്ട് ചെയ്തത്. എന്നാൽ മൈകോപ്ലാസ്മ ന്യൂമോണിയ രാജ്യത്ത് സാധാരണയായി കാണാറുള്ളതാണെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താകുറിപ്പിറക്കിൽ പറയുന്നു.

നിരീക്ഷണത്തിന്റെ ഭാ​ഗമായി സാമ്പിൾ ശേഖരിച്ചതിൽ ആർക്കും ഇതുവരെ രോ​ഗം സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ പഠനത്തിന്റ ഭാ​ഗമായുള്ള പരിശോധനയിൽ കണ്ടെത്തിയതാണെന്നും, ഈ കേസുകൾക്ക് ചൈനയിലെ രോ​ഗ വ്യാപനവുമായി യാതൊരു ബന്ധവുമില്ലെന്നും കർശന നിരീക്ഷണം തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.

കുട്ടികളിൽ പടരുന്ന അജ്ഞാത ന്യൂമോണിയ പുതിയ വൈറസ് മൂലമല്ലെന്ന് ചൈന വിശദീകരിച്ചിരുന്നു. ലോകാരോ​ഗ്യ സംഘടനക്കാണ് ചൈന വിശദീകരണം നൽകിയത്. കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനെ തുടർന്ന് പനി വ്യാപിച്ചതാണ് ഇപ്പോഴത്തെ സാഹചര്യത്തിന് കാരണമെന്നും ചൈന പറയുന്നു. ഒക്ടോബർ ആദ്യവാരമാണ് വടക്കൻ ചൈനയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് നൂറ് കണക്കിന് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്ഥിതി​ഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും ചൈനീസ് നാഷണൽ ഹെൽത് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. 2019 ൽ ചൈനയിലെ വുഹാനിൽ പടർന്ന ശ്വാസകോശ രോഗമാണ് പിന്നീട് കൊവിഡ് എന്ന പേരിൽ ലോകമെങ്ങും വ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here