ഐപിഎല്‍ താരലേലത്തില്‍ ആരുമെടുത്തില്ല! പിന്നാലെ മറുപടി കൊടുത്ത് ഫില്‍ സാള്‍ട്ട്; അതും വെടിക്കെട്ട് സെഞ്ചുറിയോടെ

0
144

ട്രിനിഡാഡ്: നാലാം ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിനെ 75 റണ്‍സിന് തോല്‍പ്പിച്ചതോടെ പരമ്പരയില്‍ ഒപ്പമെത്താന്‍ ഇംഗ്ലണ്ടിന് സാധിച്ചിരുന്നു. ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ 267-3 എന്ന പടുകൂറ്റന്‍ സ്‌കോര്‍ നേടിയപ്പോള്‍ ആന്ദ്രേ റസല്‍ വെടിക്കെട്ടിനിടയിലും വിന്‍ഡീസ് 15.3 ഓവറില്‍ 192 റണ്‍സില്‍ ഓള്‍ഔട്ടായി. 57 പന്തില്‍ 119 റണ്‍സെടുത്ത ഓപ്പണര്‍ ഫിലിപ് സാള്‍ട്ട് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നേടിയ സെഞ്ചുറിയുടെ കരുത്തിലാണ് ഇംഗ്ലണ്ടിന്റെ വമ്പന്‍ ജയം. സാള്‍ട്ട് കളിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.

എന്നാല്‍ രസകരമായ മറ്റൊരു കാര്യം കൂടിയുണ്ട്. ഐപിഎല്‍ താരലേലത്തില്‍ ഫില്‍ സാള്‍ട്ടിന്റെ പേരുമുണ്ടായിരുന്നു. 1.5 കോടിയായിരുന്നു സാള്‍ട്ടിന്റെ അടിസ്ഥാന വില. എന്നാല്‍ ഒരാള്‍ പോലും താല്‍പര്യം കാണിച്ച് രംഗത്ത് വന്നില്ല. കഴിഞ്ഞ സീസണില്‍ ഡല്‍ഹി കാപിറ്റല്‍സിന് വേണ്ടിയാണ് സാള്‍ട്ട് കളിച്ചത്. ഇപ്പോള്‍ സാള്‍ട്ട് തന്നെയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ദക്ഷിണാഫ്രിക്കന്‍ താരം റിലീ റൂസോയ്ക്ക് എട്ട് കോടി ലഭിച്ച സമയത്താണ് സാള്‍ട്ടിനെ ടീമിലെടുക്കാന്‍ ആളില്ലാതെ വന്നത്. ചില പോസ്റ്റുകള്‍ കാണാം…

അതേസമയം, ഓസ്ട്രേലിയയുടെ മറ്റൊരു പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ലേലത്തിലെ ഉയര്‍ന്ന തുക നേടി. 24.75 കോടി രൂപ മുടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് സ്റ്റാര്‍ക്കിനെ ടീമിലെത്തിച്ചത്. അത്യന്തം നാടകീയമായ ലേലം വിളിയില്‍ രണ്ട് കോടി രൂപ അടിസ്ഥാനവിലയുള്ള സ്റ്റാര്‍ക്കിനായി തുടക്കത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സുമാണ് ശക്തമായി രംഗത്തുവന്നത്. ഐപിഎല്‍ താരലേല ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമാവാനും സ്റ്റാര്‍ക്കിനായി.

ബാറ്റിംഗ് വെടിക്കെട്ടുകൊണ്ട് ഇപ്പോള്‍ തന്നെ ആഭ്യന്തര ക്രിക്കറ്റില്‍ വലംകൈയന്‍ സുരേഷ് റെയ്‌ന എന്ന വിളിപ്പേര് നേടിയിട്ടുള്ള സമീര്‍ റിസ്വിയെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കി. 8.40 കോടി മുടക്കിയാണ് താരത്തെ ചെന്നൈ ടീമിലെത്തിച്ചത്. സ്പിന്നര്‍മാര്‍ക്കെതിരെ റിസ്വിക്ക് പ്രത്യേക മികവുണ്ടെന്നതും ചെന്നൈ കണക്കിലെടുത്തു. ഉത്തര്‍പ്രദേശ് ടി20 ലീഗില്‍ അതിവേ സെഞ്ചുറി നേടി റെക്കോര്‍ഡിട്ട റിസ്വി ഫിനിഷറെന്ന നിലയില്‍ ചെന്നൈക്കായി വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടി20 ക്രിക്കറ്റില്‍ 134.70 എന്ന മികച്ച പ്രഹരശേഷിയും 49.16 എന്ന മികച്ച ബാറ്റിംഗ് ശരാശരിയും റിസ്വിക്കുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here