പദ്‌മകുമാർ പറഞ്ഞത് നുണക്കഥകള്‍? കുട്ടിയുടെ കുടുംബവുമായി ഒരു ബന്ധവുമില്ല! ലക്ഷ്യമിട്ടത് 6 വയസുകാരിയെ മാത്രമല്ല

0
245

പത്തനംതിട്ട: കൊല്ലം ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പദ്മകുമാര്‍ പറഞ്ഞത് മുഴുവൻ നുണയാണെന്ന് വിവരം. ഇയാൾക്ക് കുട്ടിയുടെ കുടുംബവുമായി ബന്ധമില്ല. പ്രതിയുടെ ഭാര്യയും മകളും പൊലീസിനോട് പറഞ്ഞതും പദ്മകുമാര്‍ പറഞ്ഞ കാര്യങ്ങളും തമ്മിൽ ബന്ധമില്ലാത്തതാണ് വ്യാജകഥകളാണെന്ന സംശയത്തിലേക്ക് എത്തിച്ചത്. തന്റെ സാമ്പത്തിക ബാധ്യത തീർക്കാൻ പത്മകുമാർ തന്നെ ആസൂത്രണം ചെയ്തതതാണ് തട്ടിക്കൊണ്ടുപോകൽ എന്നാണ് പൊലീസ് ഇപ്പോൾ സംശയിക്കുന്നത്. പ്രതി ലക്ഷ്യമിട്ടത് ആറ് വയസുകാരിയെ മാത്രമല്ലെന്നും കുട്ടിയുടെ ജ്യേഷ്ഠനെയടക്കം തട്ടിക്കൊണ്ടുപോകാനായിരുന്നു പദ്ധതിയെന്നും ഇപ്പോൾ പുറത്തുവരുന്ന വിവരം. കുട്ടികളെ രണ്ട് പേരെയും തട്ടിക്കൊണ്ടുപോയി പണം വില പേശുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും വിവരമുണ്ട്.

മകളുടെ വിദ്യാഭ്യാസത്തിന് വിദേശത്ത് പോകാനുള്ള പരീക്ഷ പാസാകാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയ പണം തിരിച്ചു കിട്ടാനായാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നായിരുന്നു പദ്മകുമാറിന്റെ മൊഴി. അടൂര്‍ കെഎപി ക്യാംപിൽ ചോദ്യം ചെയ്യലിനിടെയാണ് പ്രതി ഇക്കാര്യങ്ങൾ പറഞ്ഞത്. കുട്ടികളുടെ അച്ഛൻ പണം തിരികെ നൽകാത്തതിലുള്ള പ്രതികാരമായിരുന്നു നടപടിയെന്നും തനിക്ക് മാത്രമാണ് ഇതിൽ പങ്കെന്നും പറഞ്ഞ പ്രതി ഭാര്യക്കും മകൾക്കും പങ്കില്ലെന്നും പറഞ്ഞിരുന്നു.

റോഡ് വീതി കൂട്ടുമ്പോൾ ചാത്തന്നൂരിലെ ബേക്കറി റോഡരികിലേക്ക് എത്തുമെന്ന് കരുതിയിരുന്നുവെന്നും പക്ഷെ നല്ല കച്ചവടം നടന്നില്ലെന്നും പ്രതി പൊലീസിനോട് പറഞ്ഞു. സാമ്പത്തിക തകർച്ചയുണ്ടായ ഘട്ടത്തിൽ മകളുടെ വിദ്യാഭ്യാസത്തിന് പണം നൽകി. ഈ പണം തിരികെ കിട്ടാത്തത് പ്രതികാരത്തിലേക്ക് നയിച്ചു. തട്ടിക്കൊണ്ടുപോകലിന് ഭാര്യ തയ്യാറാകാതെ വന്നപ്പോൾ ജീവനൊടുക്കുമെന്നും ജപ്തി ഭീഷണിയെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി ഒപ്പം കൂട്ടിയെന്നും പദ്മകുമാ‍ര്‍ പൊലീസിനോട് പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഒരു ക്വട്ടേഷൻ സംഘത്തിൻറെ സഹായവും ലഭിച്ചുവെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇവരെ കണ്ടെത്താനും പൊലീസ് ശ്രമം തുടരുന്നുണ്ട്. ഡിഐജി നിശാന്തിനിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here