നിതീഷോ, ശ്രേയസോ; തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഐപിഎല്ലില്‍ നായകനെ പ്രഖ്യാപിച്ച് കൊല്‍ക്കത്ത

0
132

കൊല്‍ക്കത്ത: അടുത്ത ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ശ്രേയസ് അയ്യര്‍ നയിക്കും. ശ്രേയസിന് പകരം നിതീഷ് റാണയെ ക്യാപ്റ്റനാക്കാനായിരുന്നു ടീം മെന്‍റര്‍ ഗൗതം ഗംഭീറിന് താല്‍പര്യമെങ്കിലും ശ്രേയസില്‍ തന്നെ വിശ്വാസമര്‍പ്പിക്കാന്‍ കൊല്‍ക്കത്ത ടീം മാനേജ്മെന്‍റ് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പുറത്തായതോടെയാണ് നിതീഷ് റാണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ താല്‍കാലിക ക്യാപ്റ്റനായത്. നിതീഷ് റാണ ഇത്തവണ ശ്രേയസിന് കീഴില്‍ വൈസ് ക്യാപ്റ്റനാകും.

ശ്രേയസിന്‍റെ അഭാവത്തില്‍ കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയെ നയിച്ച റാണയ്ക്ക് ടീമിനെ പ്ലേ ഓഫില്‍ പോലും എത്തിക്കാനായില്ല. ഏഴാം സ്ഥാനത്താണ് കൊല്‍ക്കത്ത ഫിനിഷ് ചെയ്തത്. പരിക്ക് ഭേദമായി തിരിച്ചെത്തിയതോടെ നായക സ്ഥാനം ശ്രേയസിന് തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഈ സീസണില്‍ ക്ലബിന്‍റെ മെന്‍ററായി ഗൗതം ഗംഭീ‌ർ ചുമതലയേറ്റതോടെയാണ് ശ്രേയസിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്തെക്കുറിച്ച് ആശങ്ക ഉയര്‍ന്നത്.

എന്നാല്‍ കഴിഞ്ഞ സീസണില്‍ ശ്രേയസിന് കളിക്കാനാവാഞ്ഞത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം ക്യാപ്റ്റനായി തിരിച്ചെത്തുന്നതില്‍ സന്തോഷമുണ്ടെന്നും കൊല്‍ക്കത്ത സിഇഔ വെങ്കി മൈസൂര്‍ പറഞ്ഞു. ശ്രേയസിന് കീഴില്‍ നിതീഷ് റാണ വൈസ് ക്യാപ്റ്റനാകുമെന്നും അദ്ദേഹത്തെ കൊണ്ട് കഴിയുന്ന രീതിയില്‍ ശ്രേസയിനെ പിന്തുണക്കുമെന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ടെന്നും വെങ്കി മൈസൂര്‍ വ്യക്തമാക്കി.

കഴിഞ്ഞ മാസമാണ് ഗൗതം ഗംഭീറിനെ മെന്‍ററാക്കിയ കാര്യം കൊല്‍ക്കത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2012ലും 2014ലും കൊല്‍ക്കത്തയെ കിരീടത്തിലേക്ക് നയിച്ച ഗംഭീര്‍ 2018ലാണ് ടീം വീട്ടത്. വിരമിച്ചശേഷം കഴിഞ്ഞ രണ്ട് സീസണുകളിലായി ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് ടീം മെന്‍ററായിരുന്നു. രണ്ട് സീസണിലും ലഖ്നൗ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here