ബിജെപിക്ക് വോട്ട് ചെയ്തതിന് ഭർതൃസഹോദരൻ മർദിച്ചതായി മുസ്ലിം യുവതിയുടെ പരാതി, ആശ്വസിപ്പിച്ച് ശിവരാജ് സിങ് ചൗഹാൻ

0
136

സെഹോർ/ഭോപ്പാൽ: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യുകയും പാർട്ടിയുടെ വിജയം ആഘോഷിക്കുകയും ചെയ്തതിന് ഭർതൃസഹോദരൻ മർദിച്ചതായി 30 കാരിയായ മുസ്ലീം യുവതിയുടെ പരാതി. സംഭവം വാർത്തയായതിനെ തുടർന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ യുവതിയെ സന്ദർശിച്ചു. ശനിയാഴ്ച ചൗഹാൻ യുവതിയെ ഭോപ്പാലിലെ തന്റെ വസതിയിലേക്ക് ക്ഷണിച്ചു.
പരാതിക്കാരിയായ സമീനബിയുടെ ഭർത്താവിന്റെ ഇളയ സഹോദരൻ ജാവീദ് തന്നെ മർദ്ദിച്ചതെന്ന് യുവതി ആരോപിച്ചു. കർശന നടപടി ആവശ്യപ്പെട്ട് യുവതിയും പിതാവും സെഹോർ കളക്ടറുടെ ഓഫീസ് സന്ദർശിച്ചതിന് തൊട്ടുപിന്നാലെ പ്രതി ജാവീദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശിവരാജ് സിങ് ചൗഹാന്റെ മണ്ഡലമാണ് സെഹോർ.

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന സമയത്താണ് ജാവീദ് സമീനയെ മർദിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ പരാതിയിൽ ജാവീദിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

‘ലാഡ്‌ലി ബെഹ്‌ന യോജന’ ഉൾപ്പെടെ സർക്കാരിന്റെ എല്ലാ പദ്ധതികളുടെയും ഗുണഭോക്താവായതിനാലാണ് താൻ ബിജെപിക്ക് വോട്ട് ചെയ്തതെന്ന് യുവതി മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. സർക്കാരിന്റെ കണക്കനുസരിച്ച് സംസ്ഥാനത്തെ 1.31 കോടി സ്ത്രീകൾക്ക് ഈ പദ്ധതി പ്രകാരം പ്രതിമാസം 1,250 രൂപ ധനസഹായം ലഭിക്കുന്നു. വോട്ട് രേഖപ്പെടുത്തിയതിലൂടെ നിങ്ങൾ നിങ്ങളുടെ അവകാശം വിനിയോഗിച്ചു. ഭരണഘടന പ്രകാരം എല്ലാവർക്കും വോട്ടവകാശമുണ്ട്. ജനങ്ങൾക്ക് നല്ലത് ചെയ്യുന്നവർക്കാണ് വോട്ട്. അത് ഒട്ടും തെറ്റല്ല. അതിന്റെ പേരിൽ നിങ്ങൾ ആക്രമിക്കപ്പെട്ടെങ്കിൽ നിങ്ങളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് ചൗഹാൻ യുവതിയോട് പറഞ്ഞു. സ്ത്രീക്ക് സുരക്ഷ ഒരുക്കുമെന്ന് മധ്യപ്രദേശ് ബിജെപി അധ്യക്ഷൻ വി ഡി ശർമ്മയും ഉറപ്പ് നൽകി.

 

LEAVE A REPLY

Please enter your comment!
Please enter your name here