ലേഡീസ് കോച്ചിൽ പെൺകുട്ടിക്കൊപ്പം ഡാൻസ്, വീഡിയോ വൈറൽ, പൊലീസുകാരന് പണികിട്ടി

0
200

പലതരത്തിലുമുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. എന്നാൽ, സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതിന് പിന്നാലെ മുംബൈയിലെ ഒരു പൊലീസുകാരന് നല്ല പണികിട്ടി. ഒറ്റവാക്കിൽ പറഞ്ഞാൽ ആൾക്കെതിരെ അന്വേഷണം തന്നെ പ്രഖ്യാപിച്ചു.

എസ് എഫ് ​ഗുപ്ത എന്ന പൊലീസുകാരനാണ് ഇപ്പോൾ അന്വേഷണം നേരിടുന്നത്. രാത്രിയാത്രയിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നിയോ​ഗിക്കപ്പെട്ട ഹോം​ഗാർഡായിരുന്നു ​ഗുപ്ത. ഡ്യൂട്ടിയിലായിരിക്കുമ്പോൾ ഒരു പെൺകുട്ടിക്കൊപ്പം ​ഗുപ്ത ഡാൻസ് ചെയ്യുന്നതിന്റെ വീഡിയോ വൈറലാവുകയായിരുന്നു. രാത്രി പത്ത് പത്തേകാലോടെയാണ് പൊലീസുകാരൻ യുവതിക്കൊപ്പം ഡാൻസ് ചെയ്തത്. ലോക്കൽ ട്രെയിനിലെ ലേഡീസ് കോച്ചിൽ വച്ചായിരുന്നു ഡാൻസ്.

അധികം വൈകാതെ ​ഗുപ്ത യുവതിക്കൊപ്പം ഡാൻസ് ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. അതേ തുടർന്ന് വൻ ചർച്ചകളും ഉണ്ടായി. നിരവധിപ്പേർ പൊലീസുകാരനെ വിമർശിക്കുകയും ചെയ്തു. ഇതോടെയാണ് ഇയാൾക്കെതിരെ അന്വേഷണം ഉണ്ടായത്.

പെൺകുട്ടിയുടെ അമ്മയാണ് വീഡിയോ ചിത്രീകരിക്കുന്നത്. ആദ്യം ​ഗുപ്ത ഈ സ്ത്രീക്ക് നിർദ്ദേശങ്ങൾ നൽകുകയാണ്. അതുപോലെ എന്തെങ്കിലും തരത്തിലുള്ള അപകടങ്ങൾ ഇല്ലാതിരിക്കാനുള്ള ജാ​ഗ്രതയും ശ്രദ്ധയും അദ്ദേഹം കാണിക്കുന്നുമുണ്ട്. എന്നാൽ, കുറച്ച് നേരം കഴിഞ്ഞപ്പോൾ ഇയാളും പെൺകുട്ടിക്കൊപ്പം ഡാൻസ് ചെയ്യാൻ തുടങ്ങുകയാണ്.

സംഭവത്തിൽ ഗവൺമെന്റ് റെയിൽവേ പൊലീസ് (ജിആർപി) വളരെ പെട്ടെന്ന് തന്നെ പ്രതികരിച്ചു. ഡിസംബർ 8 -ന് ഗുപ്തയ്‌ക്കെതിരെ റിപ്പോർട്ടും സമർപ്പിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങളുണ്ടാവാതിരിക്കാനുള്ള നടപടികളാണ് റെയിൽവേ കൈക്കൊണ്ടിരിക്കുന്നത്. യൂണിഫോമിലായിരിക്കുമ്പോഴോ ഡ്യൂട്ടിയിൽ ആയിരിക്കുമ്പോഴോ ഇത്തരം കാര്യങ്ങൾ ചെയ്യരുത് എന്നും നിർദ്ദേശമുണ്ട്. യൂണിഫോമിലായിരിക്കവെ ഏതെങ്കിലും തരത്തിലുള്ള വീഡിയോയ്ക്കോ സെൽഫിക്കോ ഒന്നും പോസ് ചെയ്യരുത് എന്നും റെയിൽവെ പൊലീസ് നിർദ്ദേശം നൽകി. മാത്രമല്ല, സംഭവത്തിൽ ​ഗുപ്തയുടെ വിശദീകരണവും തേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here