7-ാം നമ്പര്‍ ജഴ്‌സി ഇനി ആര്‍ക്കുമില്ല; ധോനിക്ക് ബഹുമതിയര്‍പ്പിച്ച് BCCI, സച്ചിനൊപ്പം

0
124

ന്യൂഡല്‍ഹി:ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏഴാം നമ്പര്‍ ജഴ്‌സി ഇനി മുന്‍ താരം മഹേന്ദ്ര സിങ് ധോനിയുടെ പര്യായമായി അറിയപ്പെടും. ഈ നമ്പറിലെ ജഴ്‌സി ഇനി ആര്‍ക്കും നല്‍കില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ.) അറിയിച്ചു. ഇന്ത്യക്ക് ഐ.സി.സി. കിരീടങ്ങള്‍ ഏറ്റവും കൂടുതല്‍ നേടിത്തന്ന ക്യാപ്റ്റന്‍ എന്നതടക്കമുള്ള ധോനിയുടെ ക്രിക്കറ്റിലെ സംഭാവനകള്‍ പരിഗണിച്ചാണ് ബഹുമതി. ധോനി വിരമിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷമാണ് തീരുമാനം.

നേരത്തേ ഇതിഹാസതാരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ നമ്പര്‍ 10 ജഴ്‌സിയും ഇതുപോലെ മറ്റാര്‍ക്കെങ്കിലും നല്‍കുന്നത് നിര്‍ത്തിയിരുന്നു. സച്ചിനുശേഷം ഈ ബഹുമതി നേടുന്ന രണ്ടാമത്തെ ക്രിക്കറ്ററായിരിക്കുകയാണ് ധോനി. പത്താംനമ്പര്‍ ജഴ്‌സി ആര്‍ക്കും അനുവദിക്കാത്തതുപോലെ ഏഴാംനമ്പര്‍ ജഴ്‌സിയും ഇനിമുതല്‍ ആര്‍ക്കും ധരിക്കാന്‍ കഴിയില്ലെന്ന് ബി.സി.സി.ഐ. ഇന്ത്യന്‍ ടീം താരങ്ങളെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

ഇന്ത്യയുടെ പേസര്‍ ശര്‍ദുല്‍ ഠാക്കൂര്‍, തുടക്കകാലത്ത് പത്താംനമ്പര്‍ ജഴ്‌സിയണിഞ്ഞായിരുന്നു കളിക്കളത്തിയിലെത്തിയിരുന്നത്. ഇത് ചര്‍ച്ചയ്ക്ക് വഴിവെച്ചു. തുടര്‍ന്ന് 2017 മുതല്‍ സച്ചിന്‍ ഉപയോഗിച്ച പത്താംനമ്പര്‍ ജഴ്‌സിയില്‍ മറ്റാരെങ്കിലും കളിക്കുന്നത് ബി.സി.സി.ഐ. വിലക്കി. ശര്‍ദുല്‍ ഠാക്കൂറിന് പിന്നീട് 54 നമ്പര്‍ ജഴ്‌സിയാണ് നല്‍കിയത്.

ജൂലായ് ഏഴിനാണ് ധോനിയുടെ ജന്മദിനം. മാസവും ദിവസവും ഏഴായിരിക്കുന്ന സ്ഥിതി പരിഗണിച്ചാണ് ഏഴാംനമ്പര്‍ ജഴ്‌സി തിരഞ്ഞെടുത്തതെന്ന് ധോനി മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ഏഴ് തന്റെ ഭാഗ്യനമ്പറാണെന്നും മുന്‍ വിക്കറ്റ് കീപ്പര്‍ വിശ്വസിച്ചു. 2004-ലാണ് ക്രിക്കറ്റില്‍ ധോനിയുടെ അരങ്ങേറ്റം.

പുതുമുഖ താരങ്ങളില്‍ പലരും നമ്പറുകള്‍ പ്രത്യേകം ആവശ്യപ്പെടാറുണ്ട്. ഈ വര്‍ഷം രാജ്യാന്തര അരങ്ങേറ്റം കുറിച്ച യശസ്വി ജയ്‌സ്വാള്‍ 19-ാം നമ്പര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് നേരത്തേതന്നെ ദിനേഷ് കാര്‍ത്തിക്കിന് നല്‍കിയതായിരുന്നു. ഇന്ത്യന്‍ ഓപണര്‍ ശുഭ്മാന്‍ ഗില്‍ ഏഴാംനമ്പര്‍ ജഴ്‌സി ആവശ്യപ്പെട്ടിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. പകരം 77-ാം നമ്പര്‍ നല്‍കി.

കളിക്കാരോടുള്ള ബഹുമാനാര്‍ഥം ജഴ്‌സി നമ്പര്‍ അനുവദിക്കുന്നത് നിര്‍ത്തിയ സംഭവം ഐ.പി.എലിലുമുണ്ടായിട്ടുണ്ട്. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് 17, 333 നമ്പര്‍ ജഴ്‌സി അണിയുന്നതില്‍നിന്ന് താരങ്ങളെ വിലക്കിയിട്ടുണ്ട്. ബെംഗളൂരുവിന്റെ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസതാരം എ.ബി. ഡിവില്ലിയേഴ്‌സിന്റേതാണ് 17-ാം നമ്പര്‍ ജഴ്‌സി. വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയിലിന്റെ ജഴ്‌സി നമ്പറാണ് 333. ഓസ്‌ട്രേലിയന്‍ മുന്‍താരം ഫിലിപ് ഹ്യൂജ്‌സിന്റെ മരണാനന്തരം, അദ്ദേഹത്തിന്റെ ജഴ്‌സി നമ്പറായ 64 മറ്റാരെങ്കിലും ഉപയോഗിക്കുന്നതില്‍നിന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കിയിട്ടുണ്ട്.

ഐ.സി.സി. നിയമപ്രകാരം ഒന്നുമുതല്‍ നൂറുവരെയുള്ള സംഖ്യകളില്‍ കളിക്കാര്‍ക്ക് ഇഷ്ടമുള്ള ഏത് സംഖ്യയും തിരഞ്ഞെടുക്കാം. എന്നാല്‍ ബി.സി.സി.ഐ. തീരുമാനപ്രകാരം 60 ഒറ്റ അക്ക സംഖ്യകളാണുള്ളത്. ഇതില്‍നിന്നേ ഇന്ത്യന്‍ കളിക്കാര്‍ക്ക് സംഖ്യ തിരഞ്ഞെടുക്കാനാവൂ. ഒരു താരം ഒരുവര്‍ഷത്തിലധികം ടീമിന് പുറത്തിരിക്കേണ്ടിവന്നാലും പുതിയ കളിക്കാരന് അദ്ദേഹത്തിന്റെ നമ്പര്‍ ലഭിക്കില്ലെന്ന് ബി.സി.സി.ഐ. അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here