നാലുവർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാനൊരുങ്ങവേ മരണം, പോകാനിരുന്ന അതേ ദിവസം ഖബറടക്കം

0
260

റിയാദ്: നാലുവർഷത്തിന് ശേഷം നാട്ടിൽ പോകാനൊരുങ്ങവേ മരണം, പോകാനിരുന്ന ദിവസം റിയാദിൽ ഖബറിലടങ്ങി. കൊല്ലം കരുനാഗപ്പള്ളി കഞ്ഞിപ്പുഴ ചങ്ങാംകുളങ്ങര കടയ്ക്കൽ മാർക്കറ്റ് സ്വദേശി കിഴക്കട്ടിൽ പുത്തൻതാഴത്ത് സൈനുദ്ദീൻ കുഞ്ഞ് (53) ആണ് ഈ ഹതഭാഗ്യൻ. യാത്രക്കുള്ള തയ്യാറെടുപ്പിനിടെ അസുഖബാധിതനായി നാലുദിവസം മുമ്പാണ് റിയാദിലെ ആശുപത്രിയിൽ മരിച്ചത്.

മൃതദേഹം വ്യാഴാഴ്ച ഉച്ചക്ക് റിയാദ് നസീം ഹയ്യുൽ സലാം മഖ്ബറയിൽ ഖബറടക്കി. എക്സിറ്റ് 15ലെ അൽരാജ്ഹി പള്ളിയിൽ മയ്യിത്ത് നമസ്കാരം നിർവഹിച്ചു. സ്പോൺസറുടെ വീട്ടിൽ ഡ്രൈവറായിരുന്ന ഇദ്ദേഹം നാട്ടിൽനിന്ന് എത്തിയിട്ട് നാല് വർഷമായി നാട്ടിൽ പോയിരുന്നില്ല. വൈകാതെ പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് രോഗബാധിതനായത്. ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. നാട്ടിലേക്ക് പോകേണ്ട ദിവസം വ്യാഴാഴ്ചയായിരുന്നു.

അതേ ദിവസം ഏതാണ്ട് അതേസമയത്താണ് ഖബറടക്കം നടന്നത്. പരേതരായ അലി കുഞ്ഞു – സൈനുബ കുഞ്ഞു ദമ്പതികളുടെ മകനാണ്. ഭാര്യ: ജസീറ, മക്കൾ: സൻഫി ഫാത്തിമ, സൽമ ഫാത്തിമ. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാനാവശ്യമായ പ്രവർത്തനങ്ങൾ ഏകോപിച്ചത് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ എന്നിവരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here