മംഗളൂരുവിൽ ബിൽഡറുടെ വീട് കൊള്ളയടിച്ച കേസിൽ മഞ്ചേശ്വരം സ്വദേശിയും കൂട്ടാളിയും അറസ്റ്റിൽ

0
202

മംഗളൂരു: താക്കോൽ ഏൽപ്പിച്ച് ബംഗളൂരുവിലേക്ക് പോയ ബിൽഡറുടെ വീട് കൊള്ളയടിച്ച കേസിൽ മലയാളി ഉൾപ്പെടെ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം സ്വദേശി എ. അഷ്റഫ് അലി (30), മംഗളൂരു ബങ്കരയിലെ കെ. കബീർ (31) എന്നിവരാണ് അറസ്റ്റിലായത്. മംഗളൂരു ബണ്ട്വാൾ കൊടിമജലുവിലെ പ്രമുഖ ബിൽഡർ മുഹമ്മദ് സഫറുല്ലയുടെ വീട്ടിൽ നിന്ന് കഴിഞ്ഞ ഒക്ടോബർ 18നും 21നും ഇടയിൽ 27.50 ലക്ഷം രൂപയും 4.96 ലക്ഷം വിലവരുന്ന സ്വർണവുമാണ് ഇവർ കവർച്ച ചെയ്തത്.

എട്ട് മാസം മുമ്പ് ജോലിക്ക് വന്ന അഷ്റഫ് അലി ബിൽഡറുടെ വിശ്വസ്തനായി മാറിയിരുന്നു. ഒക്ടോബർ 18ന് വീട് പൂട്ടി ജെപ്പുവിലെ സഹോദരന്റെ വീട്ടിൽ പോവുമ്പോൾ താക്കോൽ അഷ്റഫ് അലിയെയാണ് ഏൽപ്പിച്ചിരുന്നത്. പിറ്റേന്ന് അലിയുടെ മൊബൈൽ ഫോണിൽ വിളിച്ചപ്പോൾ സ്വച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തിരക്കുള്ളതിനാൽ നേരെ ബംഗളൂരുവിലേക്ക് പോയി. 23ന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപ്പെട്ടതെന്ന് സഫറുല്ലയുടെ പരാതിയിൽ പറഞ്ഞു. അറസ്റ്റിലായവരിൽ നിന്ന് നഷ്ടപ്പെട്ട സ്വർണവും നാലര ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു. ബാക്കി പണം ആഡംബര ജീവിതത്തിന് ചെലവാക്കിയതായി പ്രതികൾ പൊലീസിനോടു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here