‘മുംബൈയിലേക്ക് വരാം, നായകനാക്കണം’: ഹാർദിക് നേരത്തെ ഉപാധിവെച്ചു

0
139

മുംബൈ: നായകസ്ഥാനം ലഭിച്ചാൽ മാത്രമെ മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചൂവരുവെന്ന ഉപാധി ഹാർദിക് പാണ്ഡ്യ വെച്ചിരുന്നതായി റിപ്പോർട്ടുകൾ. താരത്തെ ഗുജറാത്തിൽ നിന്ന് തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചപ്പോൾ തന്നെ ഹാർദിക് ഇക്കാര്യം ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നതായാണ് വിവരം.

ഹാർദികിന്റെ നായകസ്ഥാനം സംബന്ധിച്ച തീരുമാനം നേരത്തെ എടുത്തിരുന്നുവെന്നും പെട്ടെന്നുണ്ടായ തീരുമാനമല്ലെന്നുമാണ് അറിയുന്നത്. 2022ലാണ് അതുവരെ മുംബൈക്കൊപ്പമുണ്ടായിരുന്ന ഹാർദിക്, ടീം വിട്ട് ഗുജറാത്ത് ടൈറ്റൻസിന്റെ ഭാഗമായത്. ആദ്യ സീസണിൽ തന്നെ അദ്ദേഹത്തിന്റെ നായക മികവിൽ ടീം കപ്പ് ഉയർത്തുകയും ചെയ്തു.

ഇനി മുംബൈയിലേക്ക് നായകനായെ തിരികെ വരൂവെന്ന് അദ്ദേഹത്തിന്റെ അടുപ്പക്കാരോട് ഹാർദിക് പങ്കുവെച്ചിരുന്നതായും പറയപ്പെടുന്നു. ഏകദിന ലോകകപ്പ് തോൽവിക്ക് പിന്നാലെ രോഹിത് ശർമ്മ ഐ.പി.എൽ നായകസ്ഥാനം മാറണം എന്നത് സംബന്ധിച്ച് മുംബൈ മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. ഇതോടയൊണ് ഹാർദികിന്റെ നായകനായുള്ള മടങ്ങിവരവ് എളുപ്പമായത്.

അതേസമയം രോഹിത് മാറുകയാണെങ്കിൽ ജസ്പ്രീത് ബുംറക്കോ, സൂര്യകുമാർ യാദവോ ആയിരിക്കും ടീമിനെ നയിക്കുക എന്നാണ് കരുതിയിരുന്നത്. നിലവിൽ ഇന്ത്യൻ ടി20 ടീമിനെ മികച്ച രീതിയിലാണ് സൂര്യകുമാർ യാദവ് നയിച്ചത്. ആസ്‌ട്രേലിയക്കെതിരായ പരമ്പര സ്വന്തമാക്കുകയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പ സമനിലയിൽ ആക്കുകയും ചെയ്തു.

ബുംറയും നേരത്തെ ഇന്ത്യൻ ടി20 ടീമിനെ നയിച്ചിരുന്നു. അതേസമയം ഹാർദികിനെ നായകസ്ഥാനത്തേക്ക് കൊണ്ടുവന്നത് ആരാധകർക്ക് ദഹിച്ചിട്ടില്ല. അത് ഒരുപക്ഷേ ഹാർദികിനോടുള്ള ദേഷ്യമാകില്ല, രോഹിതിനെ മാറ്റിയത് പെട്ടെന്ന് അറിഞ്ഞതിനാലാകും. വരും ദിവസങ്ങളിലും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകാനാണ് സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here