ഇനി വിസകളെല്ലാം ഒരിടത്ത്; ഏകീകൃത വിസയ്ക്കായി ‘കെഎസ്എ വിസ’

0
142

റിയാദ്: ഉംറ – സന്ദർശക വിസകൾ ഉൾപ്പെടെ എല്ലാത്തരം വിസകളും ഒറ്റകുടക്കീഴിലാക്കി പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് സഊദി അറേബ്യ. ‘കെഎസ്എ വിസ’ (Saudi Visa) എന്ന പേരിലാണ് വിസ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് ഏകീകൃത പ്ലാറ്റ്‌ഫോം അവതരിപ്പിച്ചത്. ഇതോടെ ഒരു മിനുട്ടിൽ ഡിജിറ്റൽ വിസ നടപടി ക്രമങ്ങൾ പൂർത്തിയാക്കാം. ഹജ് വിസ, ഉംറ വിസ, ടൂറിസം വിസ, തൊഴിൽ വിസ എന്നിവയ്‌ക്കായുള്ള സന്ദർശന വിസ ഉൾപ്പെടെ വിവിധ തരം വിസകളും ഏകീകൃത പ്ലാറ്റ്‌ഫോം വഴി നേടാം.

റിയാദിൽ ചൊവ്വാഴ്ച നടന്ന ഡിജിറ്റൽ ഗവൺമെന്റ് ഫോറത്തെ (ഡിജിഎഫ്) അഭിസംബോധന ചെയ്തുകൊണ്ട് വിദേശകാര്യ മന്ത്രാലയത്തിലെ എക്‌സിക്യൂട്ടീവ് അഫയേഴ്‌സ് അസിസ്റ്റന്റ് മന്ത്രി അബ്ദുൽഹാദി അൽമൻസൂരിയാണ് ‘കെഎസ്എ വിസ’യുടെ കാര്യം അറിയിച്ചത്. 2023-ൽ സൗദി അറേബ്യ 18.6 ദശലക്ഷത്തിലധികം വിസകൾ നൽകിയിട്ടുണ്ട്. ഡിജിറ്റൽ വിസകൾ നൽകാനുള്ള സമയം 60 സെക്കൻഡായി കുറച്ചു എന്നത് ശ്രദ്ധേയമാണ്.

സന്ദര്‍ശകർക്ക് രാജ്യത്തേക്കുള്ള പ്രവേശനം എളുപ്പമാക്കാനും പ്രവർത്തനങ്ങൾ സുഗമമാക്കാനും ലക്ഷ്യമിട്ടാണ് ഏകീകൃത പ്ലാറ്റ്‌ഫോം പ്രവർത്തനമാരംഭിച്ചത്. ലഭ്യമായ വിസകളെ കുറിച്ച് അറിയാന്‍ സന്ദര്‍ശകരെ സഹായിക്കുന്ന സ്മാര്‍ട്ട് സെര്‍ച്ച് എന്‍ജിനും പ്ലാറ്റ്‌ഫോമില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പ്ലാറ്റ്‌ഫോം 30 ലധികം ഏജൻസികളുമായും മന്ത്രാലയങ്ങളുമായും സ്വകാര്യ മേഖലയുമായും ബന്ധപ്പെട്ടിരിക്കുന്നു. വിസ വഴി 50 ലേറെ സര്‍ക്കാര്‍ ഏജന്‍സികളെയും സ്വകാര്യ മേഖലയെയും ശാക്തീകരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here