എണ്ണയടിച്ചില്ലേല്‍ പണിപാളും; ഇന്ന് രാത്രി 8 മുതല്‍ നാളെ പുലര്‍ച്ചെ വരെ പമ്പുകള്‍ തുറക്കില്ല; സൂചന സമരം

0
120

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി എട്ട് മണി മുതല്‍ നാളെ പുലര്‍ച്ചെ ആറു മണി വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധവുമായി പമ്പുടമകള്‍. പെട്രോള്‍ പമ്പുകള്‍ക്ക് നേരെയുളള ആക്രമണങ്ങള്‍ ചെറുക്കാന്‍ നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് സൂചനാ സമരവുമായി സ്വകാര്യ പെട്രോള്‍ പമ്പുടമകള്‍ രംഗത്തെത്തിയത്. ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ നേതൃത്വത്തിലാണ് സമരം.

സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ക്കുനേരെ നടക്കുന്ന ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് നടപടി. പമ്പുടമകള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ മാര്‍ച്ച് പത്ത് മുതല്‍ രാത്രി പത്ത് മണി വരെയെ പമ്പുകള്‍ പ്രവര്‍ത്തിക്കുകയുള്ളുവെന്നും അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗുണ്ടാ ആക്രമണം തടയാന്‍ ആശുപത്രി സംരക്ഷണ നിയമം പോലെ നിയമനിര്‍മാണം വേണമെന്നാണ് അസോസിയേഷന്റെ ആവശ്യം.

അതേസമയം സമരത്തിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസിയുടെ യാത്രാ ഫ്യൂവല്‍സ് 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം ഈസ്റ്റ് ഫോര്‍ട്ട്, വികാസ്ഭവന്‍, കിളിമാനൂര്‍, ചടയമംഗലം, പൊന്‍കുന്നം, ചേര്‍ത്തല, മാവേലിക്കര, മൂന്നാര്‍, മൂവാറ്റുപുഴ, പറവൂര്‍, ചാലക്കുടി, തൃശ്ശൂര്‍, ഗുരുവായൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ 14 യാത്രാ ഫ്യൂവല്‍സ് ഔട്ട്‌ലെറ്റുകളും എന്നത്തേയും പോലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നാണ് കെഎസ്ആര്‍ടിസി അറിയിച്ചത്.

പുതുവത്സര തലേന്ന് രാത്രി മുതല്‍ പുതുവത്സര ദിനത്തില്‍ പുലര്‍ച്ചെ വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെങ്കിലും ഗുണ്ടാ ആക്രമണത്തിനെതിരെ കര്‍ശന നടപടി വേണമെന്നാണ് ആവശ്യം. രാത്രിയിലും മറ്റുമായി പെട്രോള്‍ പമ്പ് ജീവനക്കാരെ ആക്രമിച്ച സംഭവങ്ങള്‍ പലയിടത്തായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here