കേരളം 67ന് ഓൾഔട്ട്; ക്വാർട്ടറിൽ നാണംകെട്ട തോൽവി

0
136

അഹ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ പ്രിലിമിനറി പ്രീക്വാർട്ടറിലെ ഗംഭീരവിജയത്തിനുശേഷം ക്വാർട്ടറിൽ രാജസ്ഥാനുമുന്നിൽ ആയുധംവച്ചു കീഴടങ്ങി കേരളം. സൗരാഷ്ട്രയിൽ നടന്ന മത്സരത്തിൽ സഞ്ജു സാംസന്റെ അഭാവത്തിൽ 200 റൺസിന്റെ നാണംകെട്ട തോൽവിയാണ് കേരളം ഏറ്റുവാങ്ങിയത്.

ആദ്യം ബാറ്റ് ചെയ്ത കരുത്തരായ രാജസ്ഥാനെ 267 റൺസിൽ ഒതുക്കാനായെങ്കിലും മറുപടി ബാറ്റിങ്ങിൽ വെറും 67 റൺസിൽ തകർന്നടിഞ്ഞു കേരളം. മഹിപാൽ ലൊംറോറിന്റെ സെഞ്ച്വറിയും(122) കുനാൽ സിങ് റാത്തോഡിന്റെ അർധസെഞ്ച്വറിയും(66) ആണ് കേരളത്തിന്റെ ബൗളിങ് മികവിൽനിന്ന് രാജസ്ഥാനെ രക്ഷിച്ചത്. എന്നാൽ, അനികേത് ചൗധരി, അറഫാത്ത് ഖാൻ, ഖലീൽ അഹ്മദ് എന്നിവരുടെ മാസ്മരിക ബൗളിങ്ങിൽ ടീം കേരളയ്ക്ക് മറുപടിയുണ്ടായിരുന്നില്ല.

സഞ്ജുവിന്റെ അഭാവത്തിൽ രോഹൻ കുന്നുമ്മൽ ആണ് ഇന്ന് കേരളത്തെ നയിച്ചത്. ടോസ് നേടി രാജസ്ഥാനെ ആദ്യം ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു രോഹൻ ചെയ്തത്. തീരുമാനം ശരിവയ്ക്കുന്ന തരത്തിൽ ആദ്യ പത്ത് ഓവറിനകം രാജസ്ഥാന്റെ രണ്ട് ഓപണർമാരെയും പുറത്താക്കാൻ ടീമിനായി. യുവതാരം അഖിൻ സത്താറാണ് അഭിജിത് ടോമർ(15), രാം ഹൗചാൻ(18) എന്നിവരെ മടക്കിയത്. രാജസ്ഥാൻ ക്യാപ്റ്റൻ ദീപക് ഹൂഡ(13) നിലയുറപ്പിച്ച് കളിക്കാൻ നോക്കിയെങ്കിലും ശ്രേയസ് ഗോപാലിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി പുറത്തായി. പിന്നാലെ കരൺ ലംബയും(ഒൻപത്) കൂടാരംകയറി.

എന്നാൽ, ആറാം വിക്കറ്റിൽ കുനാൽ സിങ്ങിനെ കൂട്ടുപിടിച്ച് മഹിപാൽ ലൊംറോർ ടീം സ്‌കോർ 200 കടത്തി. തകർത്തടിച്ച കുനാലിനെ അർധസെഞ്ച്വറിക്കു പിന്നാലെ അഖിൻ സത്താർ തിരിച്ചയച്ചെങ്കിലും ടീമിനെ ഭേദപ്പെട്ട സ്‌കോറിലേക്കു നയിച്ചു മഹിപാൽ. 52 പന്തിൽ ഏഴ് ഫോറും രണ്ട് സിക്‌സറും അടിച്ച് 66 റൺസെടുത്താണ് കുനാൽ മടങ്ങിയത്. 114 പന്ത് നേരിട്ട് ആറുവീതം സിക്‌സും ഫോറും സഹിതം 122 റൺസുമായി മഹിപാൽ പുറത്താകാതെ നിന്നു.

കേരള ബൗളർമാരിൽ അഖിൻ മൂന്നും ബേസിൽ തമ്പിക്ക് രണ്ടും വിക്കറ്റ് നേടി. അഖിൽ സ്‌കറിയ, വൈശാഖ് ചന്ദ്രൻ, ശ്രേയസ് ഗോപാൽ എന്നിവർ ഓരോ വിക്കറ്റ് വിതവും ലഭിച്ചു.

മറുപടി ബാറ്റിങ്ങിൽ കേരളത്തെ നേരിടാൻ മൂന്ന് ബൗളർമാരെ മാത്രമേ രാജസ്ഥാൻ നായകൻ ഹൂഡയ്ക്ക് കളത്തിലിറക്കേണ്ടിവന്നുള്ളൂ. ഖലീൽ അഹ്മദും അറഫാത്ത് ഖാനും അനികേത് ചൗധരിയും ചേർന്ന് കേരളബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചുകളഞ്ഞു. രണ്ടേരണ്ടുപേർക്കു മാത്രമാണ് ടീം കേരളയിൽ രണ്ടക്കം കണ്ടത്. ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിന്റെ 11ഉം സച്ചിൻ ബേബിയുടെ 28ഉം ആണ് കേരളത്തെ വമ്പൻ നാണക്കേടിൽനിന്നു രക്ഷിച്ചത്.

രോഹനൊപ്പം കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ കൃഷ്ണപ്രസാദ് ഏഴ് റൺസിനു പുറത്തായി. മുഹമ്മദ് അസ്ഹറുദ്ദീൻ(മൂന്ന്), ശ്രേയസ് ഗോപാൽ(പൂജ്യം), അബ്ദുൽ ബാസിത്ത്(ഒന്ന്), അഖിൽ സ്‌കറിയ(ഒന്ന്), വൈശാഖ് ചന്ദ്രൻ(പൂജ്യം), ബേസിൽ തമ്പി(അഞ്ച്) എന്നിങ്ങനെയാണ് മറ്റ് ബാറ്റർമാരുടെ സ്‌കോർ. വിഷ്ണു വിനോദ് റണ്ണൊന്നും നേടാനാകാതെ റിട്ടയേഡ് ഹർട്ട് ആയപ്പോൾ അഖിൻ സത്താർ പൂജ്യത്തിന് പുറത്താകാതെ നിന്നു.

ഏഴ് ഓവറിൽ 26 റൺസ് മാത്രം വിട്ടുനൽകി നാല് വിക്കറ്റ് കൊയ്ത അനികേത് ആണ് കേരളത്തിന്റെ അന്തകനായത്. അറഫാത്ത് ഏഴ് ഓവറിൽ 20 റൺസ് മാത്രം നൽകി മൂന്നും ഖലീൽ 15 റൺസ് മാത്രം വിട്ടുനൽകി രണ്ടും വിക്കറ്റ് പിഴുതു.

LEAVE A REPLY

Please enter your comment!
Please enter your name here