കോവിഡ് കേസുകളിലെ വര്‍ധന; രോഗികള്‍ക്ക് ഏഴു ദിവസം ഹോം ഐസൊലേഷന്‍ നിര്‍ബന്ധമാക്കി കര്‍ണാടക

0
134

കര്‍ണാടകയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയതോടെ ഹോം ഐസലേഷന്‍ നിര്‍ബന്ധമാക്കി. പരിശോധയനയില്‍ കോവിഡ് പോസിറ്റീവ് ആകുന്നവരെല്ലാം ഏഴു ദിവസം വീട്ടില്‍തന്നെ കഴിയണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പോസിറ്റീവ് ആകുന്നവരുടെ പ്രാഥമിക സമ്പര്‍ട്ട പട്ടികയിലുള്ളവരും നിരീക്ഷണത്തിലായിരിക്കണം.

കഴിഞ്ഞ ദിവസം 74 പുതിയ കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 57 എണ്ണം ബെംഗളൂരുവിലാണ്. കോവിഡ് ബാധിച്ച് രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതി വൈറസ് വ്യാപനം തടയുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും.

ഹോം ഐസൊലേഷനില്‍ കഴിയുന്ന സര്‍ക്കാര്‍, സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ക്ക് ഏഴ് ദിവസത്തെ അവധിക്ക് അര്‍ഹതയുണ്ട്. ഹോം-ഐസൊലേറ്റഡിലും ജനറല്‍ വാര്‍ഡിലുമുള്ള എല്ലാ കോവിഡ് രോഗികളെയും യുപിഎച്ച്സികളിലെയും നമ്മ ക്ലിനിക്കുകളിലെയും ഡോക്ടര്‍മാരും ജീവനക്കാരും സന്ദര്‍ശിക്കും. ദിവസവും ഏകദേശം 5000 കോവിഡ് പരിശോധനകള്‍വരെ നടത്തുന്നുണ്ട്.

നിലവില്‍ പുതുവത്സരാഘോഷത്തിനോ അന്തര്‍സംസ്ഥാന യാത്രയ്ക്കോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. മുതിര്‍ന്ന പൗരന്മാര്‍ക്കും അസുഖമുള്ളവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതേസമയം പനി, ജലദോഷം, ചുമ എന്നിവയുള്ള കുട്ടികളെ രോഗലക്ഷണങ്ങള്‍ കുറയുന്നതുവരെ സ്‌കൂളില്‍ അയയ്ക്കരുതെന്ന് രക്ഷിതാക്കളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 30,000 ഡോസ് കോവിഡ് വാക്‌സിനുകള്‍ കര്‍ണാടകയ്ക്ക് ലഭിക്കുമെന്നും അവ താലൂക്ക്, ജില്ലാ ആശുപത്രികളിലേക്ക് വിതരണം ചെയ്യുമെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു.

ഇന്ത്യയില്‍ ഒരു ദിവസം 529 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 4093 ആയി. ജെഎന്‍ 1 ഉപവകഭേദത്തിന്റെ 40 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡിസംബർ 26 വരെ രാജ്യത്തുടനീളമുള്ള പുതിയ വകഭേദത്തിലെ കേസുകളുടെ എണ്ണം 109 ആയി ഉയർന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here