‘നിങ്ങൾക്ക് ഇഷ്ടമുള്ളത് ധരിക്കാം, കഴിക്കാം’; ഹിജാബ് നിരോധനം ഉടൻ പിൻവലിക്കുമെന്ന് സിദ്ധരാമയ്യ

0
212

ബെം​ഗളൂരു: മുൻ‍ ബിജെപി സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം ഉടൻ പിൻവലിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്ത് ഹിജാബ് നിരോധനത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, സ്ത്രീകൾക്ക് അവർ ആഗ്രഹിക്കുന്നതെന്തും ധരിക്കാമെന്നും വ്യക്തമാക്കി.

“ഹിജാബ് നിരോധനം ഉണ്ടാവില്ല. സ്ത്രീകൾക്ക് ഹിജാബ് ധരിച്ച് എവിടെയും പോകാം. നിരോധന ഉത്തരവ് പിൻവലിക്കാൻ ഞാൻ നിർദേശിച്ചിട്ടുണ്ട്. നിങ്ങൾ എങ്ങനെ വസ്ത്രം ധരിക്കണം, എന്ത് കഴിക്കണം എന്നത് നിങ്ങളുടെ ഇഷ്ടമാണ്. ഞാൻ എന്തിന് നിങ്ങളെ തടസപ്പെടുത്തണം?”- മൈസൂരിൽ ഒരു സമ്മേളനത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ജനങ്ങൾക്ക് ഇഷ്ടമുള്ളത് ധരിക്കാനും കഴിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. “നിങ്ങൾക്ക് ഇഷ്ടമുള്ളത് ധരിക്കൂ. ഇഷ്ടമുള്ളത് കഴിക്കൂ. എനിക്ക് ഇഷ്ടമുള്ളത് ഞാൻ കഴിക്കും, നിങ്ങൾക്ക് ഇഷ്ടമുള്ളത് നിങ്ങളും കഴിക്കൂ. ഞാൻ ധോത്തി ധരിക്കുന്നു, നിങ്ങൾ പാന്റും ഷർട്ട് ധരിക്കുന്നു. അതിൽ എന്താണ് തെറ്റ്?”- അദ്ദേഹം കൂട്ടിച്ചേർത്തു.

2022ലാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രം നിരോധിച്ചത്. നിരോധനത്തിനെതിരെ നിരവധി വിദ്യാർഥികൾ കോടതിയെ സമീപിച്ചെങ്കിലും, കർണാടക ഹൈക്കോടതി സംസ്ഥാനത്തിന്റെ നിരോധനം ശരിവച്ചു, ഹിജാബ് ധരിക്കുന്നത് ‘ഇസ്‌ലാമിന്റെ അനിവാര്യമായ മതപരമായ ആചാരമല്ല’ എന്ന് പറഞ്ഞായിരുന്നു നടപടി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദ്യാർഥികളുടെയും വസ്ത്രധാരണരീതി തീരുമാനിക്കാമെന്നും കോടതി പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here