ജമ്മു കശ്മീർ മുസ്‌ലിം ലീഗിനെ നിരോധിച്ചു

0
159

ശ്രീനഗർ: ജമ്മു കശ്മീർ മുസ്‌ലിം ലീഗിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിത സംഘടനയായി പ്രഖ്യാപിച്ചു. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് യു.എ.പി.എ പ്രകാരം സംഘടനയെ നിരോധിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

ഹുറിയത് കോൺഫറൻസിന്റെ ഇടക്കാല ചെയർമാൻ മസാറത്ത് ആലം ആണ് ഇപ്പോൾ സംഘടനക്ക് നേതൃത്വം കൊടുക്കുന്നത്. നേരത്തെ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയായിരുന്നു സംഘടനയുടെ നേതാവ്.

ഈ സംഘടനയും അതിലെ അംഗങ്ങളും രാജ്യവിരുദ്ധ, വിഘടനവാദ പ്രവർത്തനങ്ങൾ നടത്തുകയും തീവ്രവാദികളെ സഹായിക്കുകയും ജമ്മു കശ്മീരിൽ ഇസ്‌ലാമിക നിയമങ്ങൾ സ്ഥാപിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് അമിത് ഷാ പറഞ്ഞു. രാജ്യത്തിന്റെ ഐക്യത്തിനും പരമാധികാരത്തിനും എതിരായി പ്രവർത്തിക്കുന്ന ആരെയും മോദി സർക്കാർ വെറുതെവിടില്ല. ശക്തമായ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സയ്യിദ് അലി ഷാ ഗീലാനിയുടെ പിൻഗാമിയായ മസാറത്ത് ആലം നയിക്കുന്ന വിഘടനവാദ പ്രസ്ഥാനമാണ് ജമ്മു കശ്മീർ മുസ്‌ലിം ലീഗ്. കഴിഞ്ഞ 13 വർഷമായി ആലം ജയിലിലാണ്. 2010ൽ കശ്മീർ താഴ്‌വരയിൽ വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതിനെ തുടർന്ന് ജമ്മു കശ്മീർ പബ്ലിക് സേഫ്റ്റി ആക്ട് പ്രകാരമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here