കളമറിഞ്ഞ് മുംബൈയും രാജസ്ഥാനും; എന്തിനോ വേണ്ടി തിളച്ച് പഞ്ചാബും ബാംഗ്ലൂരും: ഐപിഎൽ മിനി ലേലം അവലോകനം

0
164

ഐപിഎൽ മിനി ലേലം അവസാനിച്ചപ്പോൾ പതിവുപോലെ പല ഫ്രാഞ്ചൈസികളും പ്രത്യേകിച്ചൊരു ധാരണയില്ലാതെയാണ് പാഡിലുയർത്തിയത്. മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾ സമർത്ഥമായി ഇടപെട്ടപ്പോൾ ചെന്നൈ സൂപ്പർ കിംഗ്സും ഡൽഹി ക്യാപിറ്റൽസും മികച്ചുനിന്നു. പഞ്ചാബ് കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമാണ് ലേലം ‘ഫൺ’ ആയി എടുത്തത്. (ipl mini auction analysis)

മുംബൈ ഇന്ത്യൻസ്

ലേലത്തിൽ ഏറെ സമർത്ഥമായി ഇടപെട്ട ഒരു ടീമാണ് മുംബൈ. കഴിഞ്ഞ മെഗാ ഓക്ഷനിലെ ക്ഷീണം ഇത്തവണ ഒരു പരിധിവരെ കുറയ്ക്കാൻ അവർക്ക് സാധിച്ചു. ലേലത്തിനു മുൻപ് തന്നെ റൊമാരിയോ ഷെപ്പേർഡിനെ ടീമിലെത്തിച്ചതിലൂടെ ഒരു ഫിനിഷറെ അവർക്ക് ലഭിച്ചു. ഒന്നോ രണ്ടോ ഓവറും ഷെപ്പേർഡ് എറിയും. ലോകകപ്പിലെ പ്രകടനങ്ങളിൽ ശ്രദ്ധേയരായ ദിൽഷൻ മധുശങ്കയെയും (4.6 കോടി) ജെറാൾഡ് കോട്ട്സീയെയും (5 കോടി) കുറഞ്ഞ തുകയ്ക്ക് ടീമിലെത്തിച്ചത് വലിയ നേട്ടമാണ്. മലിംഗയ്ക്ക് സമാന ബൗളിംഗ് ആക്ഷനുള്ള നുവാൻ തുഷാരയെ 4.8 കോടി രൂപ മുടക്കിയും മുംബൈ സ്വന്തമാക്കി. കരുത്തുറ്റ പേസ് ബാറ്ററി, ഇവർക്ക് കട്ടയ്ക്ക് നിൽക്കുന്ന ബാക്കപ്പ്. മുഹമ്മദ് നബിയെ വെറും ഒന്നര കോടി രൂപയ്ക്ക് ലഭിച്ചതും പീയുഷ് ചൗളയ്ക്ക് ബാക്കപ്പായി ശ്രേയാസ് ഗോപാൽ പോലൊരു താരത്തെ കേവലം 20 ലക്ഷം രൂപയ്ക്കും സ്വന്തമാക്കിയതും നേട്ടം തന്നെയാണ്.

രാജസ്ഥാൻ റോയൽസ്

ഡൗൺ ഓർഡറിൽ ഒരു പവർഫുൾ ഫിനിഷർ എന്ന റോളിൽ കൃത്യമായി സെറ്റാവുന്ന റോവ്മൻ പവലിനെ ടീമിലെത്തിച്ചത് രാജസ്ഥാൻ്റെ വലിയ നേട്ടമാണ്. 7.4 കോടി മുടക്കിയെങ്കിലും പവൽ രാജസ്ഥാൻ്റെ ആകെ സെറ്റപ്പിനെ കരുത്തുറ്റതാക്കുന്നുണ്ട്. വിദർഭ താരം ശുഭം ദുബേയ്ക്കായി 5.8 കോടി മുടക്കിയ രാജസ്ഥാൻ കളമറിഞ്ഞാണ് കളിച്ചത്. ആഭ്യന്തര മത്സരങ്ങളിൽ ബിഗ് ഹിറ്ററായ ശുഭം രാജസ്ഥാൻ ഇലവനിൽ സ്ഥിര സാന്നിധ്യമായേക്കുമെന്നാണ് വിലയിരുത്തൽ. ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ബാറ്റർ ടോം കോഹ്ലർ-കാഡ്മോറിനെ കേവലം 40 ലക്ഷം രൂപയ്ക്ക് ടീമിലെത്തിച്ചതും രാജസ്ഥാൻ്റെ മാസ്റ്റർ സ്ട്രോക്കാണ്. ബട്ലറിനു ബാക്കപ്പായ താരം ബാറ്റിംഗ് നിരയിൽ ഫ്ലെക്സിബിളാണ്. നിലവിൽ ഇന്ത്യക്കെതിരെ തിളങ്ങുന്ന ദക്ഷിണാഫ്രിക്കൻ പേസർ നന്ദ്രേ ബർഗറിനെ 50 ലക്ഷം രൂപയ്ക്കും അവർ സ്വന്തമാക്കി. ഇതും നല്ല പർച്ചേസാണ്.

ലക്നൗ സൂപ്പർ ജയൻ്റ്സ്

പരുക്കുകളില്ലാതെ ലേലം പൂർത്തിയാക്കിയ ടീമാണ് ലക്നൗ. ഓസീസ് ബാറ്റർ ആഷ്ടൺ ടേണറെ ഒരു കോടി രൂപയ്ക്ക് സ്വന്തമാക്കിയ ലക്നൗ ഇംഗ്ലണ്ട് പേസർ ഡേവിഡ് വില്ലിയെ 2 കോടി രൂപയ്ക്ക് സ്വന്തമാക്കി. ഇത് രണ്ടും സമർത്ഥമായ പർച്ചേസ് ആണ്. ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡുള്ള തമിഴ്നാട് സ്പിന്നർ മണിമാരൻ സിദ്ധാർത്ഥിനായി 2.4 കോടി രൂപ മാറ്റിവച്ചതും മികച്ച തീരുമാനമാണ്. ഭാവിതാരമെന്ന് കരുതപ്പെടുന്ന അർഷിൻ കുൽക്കർണിയെ 20 ലക്ഷം മുടക്കി സ്വന്തമാക്കിയ ലക്നൗ ശിവം മവിക്ക് 6.4 കോടി രൂപ മുടക്കിയത് മാത്രമാണ് മോശമെന്ന് പറയാവുന്നത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

മിച്ചൽ സ്റ്റാർക്കിന് 24.75 ലക്ഷം രൂപ നൽകിയാണ് കൊൽക്കത്ത ലേലത്തിൽ ഹോട്ടായത്. എന്നാൽ, 2015നു ശേഷം ഐപിഎൽ കളിക്കാത്ത ഒരു താരത്തിന് ഇത്ര തുക മുടക്കിയത് തിരിച്ചടിക്കാനാണ് സാധ്യത. ഇത് മാറ്റിനിർത്തിയാൽ കൊൽക്കത്തയ്ക്ക് ലേലത്തിൽ ഏറെ പരുക്ക് പറ്റിയില്ല. മുജീബ് റഹ്മാൻ (2 കോടി), ചേതൻ സക്കരിയ (50 ലക്ഷം), രമൺദീപ് സിംഗ് (20 ലക്ഷം), ശ്രീകർ ഭരത് (50 ലക്ഷം), മനീഷ് പാണ്ഡെ (50 ലക്ഷം), ഷെർഫെയിൻ റതർഫോർഡ് (1.5 കോടി) എന്നീ പർച്ചേസുകളൊക്കെ ഡീസൻ്റാണ്.

സൺറൈസേഴ്സ് ഹൈദരാബാദ്

പാറ്റ് കമ്മിൻസിനെ 20.5 കോടി രൂപ മുടക്കി ടീമിലെത്തിച്ച സൺറൈസേഴ്സ് ഇത്തവണയും പുളിങ്കുരു പോലെ കാശെറിഞ്ഞു. വനിന്ദു ഹസരങ്കയെ ഒന്നര കോടി രൂപയ്ക്ക് റാഞ്ചിയത് വലിയ നേട്ടമാണ്. ട്രാവിസ് ഹെഡ് (6.8 കോടി) ജയ്ദേവ് ഉനദ്കട്ട് (1.6 കോടി) എന്നിവ ഡീസൻ്റ് പർച്ചേസാണ്.

ഡൽഹി ക്യാപിറ്റൽസ്

ലേലത്തിൽ പതിവുപോലെ ഇൻവെസ്റ്റ്മെൻ്റിനാണ് ഇത്തവണയും ഡൽഹി ശ്രമിച്ചത്. ഹരിയാന താരം സുമിത് കുമാർ (ഒരു കോടി), ഝാർഖണ്ഡ് വിക്കറ്റ് കീപ്പർ കുമാർ ഖുശാഗ്ര (7.2 കോടി) എന്നീ പർച്ചേസുകൾ ഇതിനുദാഹരണമാണ്. ഇതിൽ ഖുശാഗ്രയെ സ്വന്തമക്കാനായത് വലിയ നേട്ടമാണ്. ഹാരി ബ്രൂക്കിനായി 4 കോടി മാത്രം മുടക്കി ലോട്ടറിയടിച്ച ഡൽഹി പ്രോട്ടീസ് വിക്കറ്റ് കീപ്പർ ട്രിസ്റ്റൻ സ്റ്റബ്സിനെ കേവലം 50 ലക്ഷം രൂപയ്ക്കും വിൻഡീസ് വിക്കറ്റ് കീപ്പർ ഷായ് ഹോപ്പിനെ 75 ലക്ഷം രൂപയ്ക്കും ടീമിലെത്തിച്ച് മിടുക്കുകാണിച്ചു. ഝൈ റിച്ചാർഡ്സണായി 5 കോടി മുടക്കിയതുമാത്രമാണ് ഓവർപ്രൈസ്ഡ് എന്ന് തോന്നിക്കുന്ന പർച്ചേസ്.

ചെന്നൈ സൂപ്പർ കിംഗ്സ്

ലേല റെക്കോർഡുകൾ തകർക്കുമെന്ന് കരുതിയിരുന്ന കിവീസ് യുവതാരം രചിൻ രവീന്ദ്രയെ കേവലം 1.8 കോടി രൂപ മാത്രം മുടക്കി ടീമിലെത്തിച്ചത് ചെന്നൈയുടെ മാസ്റ്റർ സ്ട്രോക്ക് ആണ്. മുസ്തഫിസുർ റഹ്മാൻ (2 കോടി), ശാർദുൽ താക്കൂർ (4 കോടി) എന്നിവരെയും ചുളുവിലയ്ക്ക് വാങ്ങിയ ചെന്നൈ 20 വയസുകാരനായ യുപി ബാറ്റർ സമീർ റിസ്‌വിയ്ക്കായി പൊടിച്ചത് 8.4 കോടി രൂപയാണ്. സമീറിൻ്റെ ടാലൻ്റ് ഈ വിലയ്ക്കുള്ളതുണ്ട് എന്നതിനാൽ ഈ പർച്ചേസ് വളരെ മികച്ചതാണ്. കിവീസ് ഓൾറൗണ്ടർ ഡാരൽ മിച്ചൽ നല്ല പർച്ചേസ് ആണെങ്കിലും 14 കോടി രൂപ വളരെ അധികമാണ്.

ഗുജറാത്ത് ടൈറ്റൻസ്

ഗുജറാത്തിന് ലേലം ശരാശരിയായിരുന്നു. അഫ്ഗാൻ ഓൾറൗണ്ടർ അസ്മതുള്ള ഒമർസായെ അവർ കേവലം 50 ലക്ഷം രൂപയ്ക്ക് റാഞ്ചി. അസ്മതുള്ളയുടെ മൂല്യം പരിഗണിക്കുമ്പോൾ ഇത് തകർപ്പൻ പർച്ചേസാണ്. ഈ ലാഭം സ്പെൻസർ ജോൺസണെ വാങ്ങിയതിലൂടെ അവർ നഷ്ടപ്പെടുത്തി. പ്രത്യേകിച്ച് ഒരു പ്രത്യേകത പറയാനില്ലാത്ത താരത്തിന് 10 കോടി രൂപയാണ് ഗുജറാത്ത് നൽകിയത്. സുഷാന്ത് മിശ്ര (2.2 കോടി), ഉമേഷ് യാദവ് (5.8 കോടി), കാർത്തിക് ത്യാഗി (60 ലക്ഷം) എന്നീ മികച്ച താരങ്ങളെ റീസണബിൾ വിലയിൽ സ്വന്തമാക്കിയ ഗുജറാത്ത് ഷാരൂഖ് ഖാനു വേണ്ടി 7.4 കോടി രൂപ ചെലവഴിച്ചു. ഇത് ഓവർപ്രൈസ്ഡ് ആണെന്ന് പറയാതെ വയ്യ. ലേലത്തിൽ ഇവരുടെ ഏറ്റവും ശ്രദ്ധേയ പർച്ചേസ് ഝാർഖണ്ഡുകാരനായ വിക്കറ്റ് കീപ്പർ റോബിൻ മിൻസ് ആയിരുന്നു. ഐപിഎലിലെ ആദ്യ ആദിവാസി താരമെന്ന നേട്ടത്തിലെത്തിയ റോബിൻ ഇതുവരെ ഒരു ആഭ്യന്തര മത്സരം പോലും കളിച്ചിട്ടില്ലെങ്കിലും താരത്തിനായി ഗുജറാത്ത് 3.6 കോടി രൂപ മുടക്കി.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

എല്ലാ തവണയുമെന്ന പോലെ ഇക്കുറിയും ഗുദാഗവാ. അൽസാരി ജോസഫ് (11.5 കോടി), യാഷ് ദയാൽ (5 കോടി), ടോം കറൻ (1.5 കോടി) എന്നിവരടങ്ങുന്ന ബൗളിംഗ് നിര ചിന്നസ്വാമിയിൽ. ആഹ. 2 കോടി രൂപയ്ക്ക് ലോക്കി ഫെർഗൂസനെ ലഭിച്ചതാണ് ഒരേയൊരു പോസിറ്റീവ്. കാര്യങ്ങൾ പരിഗണിക്കുമ്പോൾ ഇക്കുറിയും ഈ സാല കപ്പ് കിട്ടാൻ പോകുന്നില്ല.

പഞ്ചാബ് കിംഗ്സ്

പേര് ഒരുപോലെ ആയതിനാൽ മറ്റൊരു താരത്തെ വാങ്ങുന്നു. അബദ്ധം പറ്റിയതറിഞ്ഞ് ഇയാളെ വേണ്ടെന്ന് പറയുന്നു. വാങ്ങിയതിനാൽ അത് നടക്കില്ലെന്ന് ഓക്ഷനീയർ പറയുന്നു. പഞ്ചാബ് എന്തൊക്കെയോ കാണിച്ചുകൂട്ടി. ക്രിസ് വോക്സ് (4.2 കോടി) മാത്രമാണ് നല്ല പർച്ചേസ്. ഹർഷൽ പട്ടേലിനെ 11.75 കോടി രൂപ മുടക്കി വാങ്ങിയെന്നത് മാനേജ്മെൻ്റിൻ്റെ അജ്ഞത വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here