പഴയ വാഹനങ്ങള്‍ക്കും അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കും; നല്‍കുന്നത് പ്രത്യേകം ഏജന്‍സികള്‍

0
147

സംസ്ഥാനത്തെ പഴയ വാഹനങ്ങള്‍ക്കും അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തില്‍. ഗതാഗത കമ്മിഷണറേറ്റില്‍നിന്നുള്ള ശുപാര്‍ശ സര്‍ക്കാരിന് കൈമാറി. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച കമ്പനികള്‍ക്ക് പ്രവര്‍ത്തനമാനദണ്ഡം നിശ്ചയിച്ചാകും നടപ്പാക്കുക. വാഹനങ്ങള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ തടയാനും സുരക്ഷയ്ക്കുംവേണ്ടി കേന്ദ്രസര്‍ക്കാര്‍ 2019 ഏപ്രില്‍മുതല്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കിയിരുന്നു.

പുതിയ വാഹനങ്ങള്‍ക്ക് വാഹനനിര്‍മാതാക്കളും പഴയതിന് സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളുമാണ് ഇവ ഘടിപ്പിക്കേണ്ടത്. 18 കമ്പനികള്‍ കേന്ദ്രാനുമതി നേടി. ഇവയ്ക്ക് സംസ്ഥാനം പ്രവര്‍ത്തനാനുമതി നല്‍കണം. 2023 മേയില്‍ പഴയവാഹനങ്ങള്‍ക്കും മൂന്നുമാസത്തിനുള്ളില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

വ്യാജനമ്പറുകളിലുള്ള വാഹനങ്ങള്‍ തടയുന്നതിനും ഏകീകൃത സംവിധാനം ഒരുക്കുന്നതിനുമായാണ് പ്രധാനമായും അതിസുരക്ഷ നമ്പര്‍ പ്ലേറ്റ് എന്ന ആശയം ഒരുക്കിയത്. 2001-ല്‍ ഇത് സംബന്ധിച്ച് നിയമ ഭേദഗതി വരുത്തിയിരുന്നെങ്കിലും ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇത് പ്രാരംഭ ഘട്ടത്തില്‍ നടപ്പാക്കിയത്. പിന്നീട് 2019-ല്‍ മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്താണ് പുതുതായി നിരത്തുകളില്‍ എത്തുന്ന വാഹനങ്ങളില്‍ അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കിയത്.

നിശ്ചിത വലിപ്പത്തിലും അക്ഷരത്തിലും നിറത്തിലുമാണ് അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ ഒരുങ്ങുന്നത്. ഒരു എംഎം കനമുള്ള അലുമിനിയം ഷീറ്റിലാണ് നമ്പര്‍ പ്ലേറ്റ് നിര്‍മിക്കുന്നത്. ഇത് ടെസ്റ്റിങ്ങ് ഏജന്‍സി അംഗീകരിച്ച് AIS:159:2019 മാനദണ്ഡം പാലിക്കുന്നവയുമായിരിക്കും. പ്ലേറ്റിന്റെ നാല് വശങ്ങളും റൗണ്ട് ചെയ്യുന്നതിനൊപ്പം എംബസ്ഡ് ബോര്‍ഡറും നല്‍കുന്നുണ്ട്. വ്യാജ പ്ലേറ്റുകള്‍ തടയുന്നതിനായി 20ഃ20 എം.എം സൈസുള്ളതും അശോകചക്രം ആലേഖനം ചെയ്തിട്ടുള്ളതമായി ക്രോമിയം ബേസ്ഡ് ഹോളോഗ്രാം പ്ലേറ്റിന്റെ ഇടത് ഭാഗത്ത് പതിപ്പിക്കും.

നമ്പര്‍ പ്ലേറ്റിന്റെ ഇടത് ഭാഗത്ത് താഴെയായി 10 അക്കങ്ങളുള്ള ലേസര്‍ ബ്രാന്റ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നല്‍കും. നമ്പറിന്റെയും അക്ഷരങ്ങളുടെയും മുകളില്‍ 45 ഡിഗ്രി ചെരുവില്‍ ഇന്ത്യ എന്നെഴുതിയ ഹോട്ട് സ്റ്റാമ്പിങ്ങ് ഫിലീമും നല്‍കുന്നുണ്ട്. പ്ലേറ്റിന്റെ ഇടത് വശത്ത് നടുവിലായി IND എന്ന നീല നിറത്തില്‍ ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്. ഊരി മാറ്റാന്‍ കഴിയാത്തതും, ഊരിയാല്‍ പിന്നീട് ഉപയോഗിക്കാന്‍ കഴിയാത്തതുമായ സ്‌നാപ്പ് ലോക്കിങ്ങ് സിസ്റ്റത്തിലാണ് ഘടിപ്പിക്കുക. നമ്പര്‍ പ്ലേറ്റുകള്‍ക്ക് കുറഞ്ഞത് അഞ്ച് വര്‍ഷം ഗ്യാരണ്ടിയുമുണ്ട്.

അതിലുരക്ഷാ നമ്പര്‍പ്ലേറ്റ്

ഹോളോഗ്രാം ഉള്‍പ്പെടെ സുരക്ഷാ മുദ്രണങ്ങളുള്ള ഇവ വാഹനത്തില്‍ ഇളക്കിമാറ്റാനാകാത്തവിധം ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. പുനരുപയോഗിക്കാന്‍ കഴിയില്ല. ഇരു നമ്പര്‍ പ്ലേറ്റുകള്‍ക്കും പ്രത്യേക സീരിയല്‍ നമ്പറും ഉണ്ടാകും. ഇതിന്റെ വിവരങ്ങള്‍ രജിസ്‌ട്രേഷന്‍ രേഖകളില്‍ ഉള്‍ക്കൊള്ളിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here