ഷെഫ് ഉണ്ടെങ്കിൽ മാത്രം ഷവർമക്കട തുടങ്ങാനാകില്ല; ഈ നിർദേശങ്ങളും കൃത്യമായി പാലിക്കണം

0
134

കണ്ണൂർ: ബർണറും ഒരു ഷെഫും ഉണ്ടെങ്കിൽ ഷവർമ വിൽക്കാമെന്ന് കരുതേണ്ട. ഹോട്ടലുകാർ സുരക്ഷിത പാചകസൗകര്യവും ഉണ്ടാക്കണം. ഇത്‌ സംബന്ധിച്ച്‌ ഭക്ഷ്യസുരക്ഷാവകുപ്പ് ഷവർമാകേന്ദ്രങ്ങളിൽ പരിശീലന ക്ലാസും പരിശോധനയും തുടങ്ങി.

ഷവർമസ്റ്റാളുകളുടെ എണ്ണവും എടുക്കും. പുതുവർഷത്തിൽ ഷവർമ കൊതിപ്പിക്കാൻ വരുമ്പോൾ ആരോഗ്യസുരക്ഷയും ഉറപ്പുവരുത്തുകയെന്നതാണ് ലക്ഷ്യം. ചെറുവത്തൂരിലെ ദേവനന്ദയുടെ മരണശേഷം പുറത്തിറക്കിയ ‘ഷവർമ മാർഗനിർദേശം’ പലരും മറന്ന സ്ഥിതിയാണ്.

ശ്രദ്ധയോടെ കൈകാര്യം ചെയ്താൽ ഷവർമയിൽനിന്നുള്ള ഭക്ഷ്യവിഷബാധ ഒഴിവാക്കാമെന്ന വീഡിയോയുമായിട്ടാണ് ഭക്ഷ്യസുരക്ഷാവകുപ്പ് പരിശീലനത്തിറങ്ങിയത്. അവരുടെ ഫെയ്‌സ്‌ബുക്ക് പേജിലും വീഡിയോ ഉണ്ട്.

വീഡിയോയിലുള്ള പ്രകാരം പാചകം നടത്തുന്നില്ലെങ്കിൽ വാങ്ങാൻ വരുന്നവർക്കും ഭക്ഷ്യസുരക്ഷാവകുപ്പിനെ അറിയിക്കാം. നിലവിൽ സംസ്ഥാനത്ത് എത്ര ഷവർമ കേന്ദ്രങ്ങളുണ്ടെന്നതിന് കൃത്യമായ കണക്കില്ല.

പ്രധാന നിർദേശങ്ങൾ

  • ഭക്ഷണം കൈകാര്യം ചെയ്യുന്നവർ കൈയുറ, ഹെയർ ക്യാപ്, വൃത്തിയുള്ള ഏപ്രൺ എന്നിവ ധരിക്കണം.
  • മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിർബന്ധമായും വേണം.
  • ഷവർമ കോൺ ഉണ്ടാക്കിയശേഷം ഉടൻ ഉപയോഗിക്കുന്നില്ലെങ്കിൽ ഫ്രീസറിലോ ചില്ലറിലോ സൂക്ഷിക്കണം.
  • ഇറച്ചി കൃത്യമായി വേവിക്കണം. എത്ര ബർണറുകളാണോ ഉള്ളത് അത് മുഴുവൻ പ്രവർത്തിപ്പിക്കണം.
  • മയോണൈസ് ഉത്‌പാദനത്തിന് പച്ചമുട്ട ഉപയോഗിക്കാൻ പാടില്ല.
  • ഷവർമാകോണിൽനിന്ന് ഇറച്ചി മുറിച്ചുമാറ്റുന്നതിനുള്ള കത്തി വൃത്തിയുള്ളതും അണുവിമുക്തവുമായിരിക്കണം.

    തുടരണം, ‘ഓപ്പറേഷൻ ഷവർമ’
    ചെറുവത്തൂരിൽ വിദ്യാർഥിനി മരിച്ചതിനെ തുടർന്ന് 2022 മേയ് രണ്ടുമുതൽ ‘ഓപ്പറേഷൻ ഷവർമ’ എന്നപേരിൽ പരിശോധന ശക്തമാക്കിയിരുന്നു. രണ്ടുമാസം തുടർച്ചയായി 5605 ഷവർമാകേന്ദ്രങ്ങളിലും ഹോട്ടലുകളിലും പരിശോധന നടത്തി. ലൈസൻസില്ലാതെ പ്രവർത്തിച്ച 214 സ്ഥാപാനങ്ങൾ പൂട്ടിച്ചു.

    ശുചിത്വമില്ലാത്ത കാരണത്താൽ 162 എണ്ണവും പൂട്ടി. പൂട്ടിയ സ്ഥാപനങ്ങൾ തുറക്കാൻ പിന്നീട് അനുമതി നൽകി. കട നടത്തിപ്പുകാർ (എഫ്.ബി.ഒ.-ഫുഡ് ബിസിനസ് ഓപ്പറേറ്റർ) സത്യവാങ്മൂലം നൽകണം. പിന്നീട് പരിശോധനയ്ക്ക് ശക്തി കുറഞ്ഞു. ഇപ്പോൾ മാസത്തിൽ പരിശോധന നടത്തുന്നുണ്ടെന്ന് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here