മാര്‍ച്ച് മുതല്‍ സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോള്‍; GPS നിയന്ത്രിതമാകും,ടോള്‍ ബൂത്തുകള്‍ ഒഴിവാകും

0
184

രാജ്യത്തെ ദേശീയപാതകളില്‍ 2024 മാര്‍ച്ചോടെ ജി.പി.എസ്. അധിഷ്ഠിത ടോള്‍പിരിവ് സംവിധാനമൊരുക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നിലവിലെ സംവിധാനങ്ങള്‍ക്കു പകരമായാകും ഇത്. ടോള്‍പ്ലാസകളിലെ തിരക്കു കുറയ്ക്കാനും സഞ്ചരിക്കുന്ന ദൂരത്തിന് അനുസരിച്ച് ടോള്‍ ഈടാക്കാനും പുതിയസംവിധാനത്തിലൂടെ സാധിക്കും. നമ്പര്‍പ്ലേറ്റ് തിരിച്ചറിയുന്ന ക്യാമറകള്‍ ഉപയോഗിച്ചുള്ള ടോള്‍പിരിവ് രണ്ടുദേശീയപാതകളില്‍ പരീക്ഷണാര്‍ഥം നടത്തുന്നുണ്ട്. പുതിയ സംവിധാനങ്ങള്‍ വരുന്നതോടെ ടോള്‍പ്ലാസകളില്‍ വാഹനം നിര്‍ത്തേണ്ടിവരില്ല.

നിരത്തുകളില്‍ നിന്ന് ടോള്‍ ബൂത്തുകള്‍ നീക്കി പകരം ജി.പി.എസ്. സംവിധാനത്തിന്റെ സഹായത്തോടെ വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കുന്ന സംവിധാനമാണ് മാസങ്ങള്‍ക്കുള്ളില്‍ ഒരുങ്ങുന്നത്. വാഹനം സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം റോഡ് ഉപയോഗിക്കുന്നവര്‍ പണം നല്‍കിയാല്‍ മതിയെന്നതും ടോള്‍ പ്ലാസ എന്ന ആശയവും ഇതേതുടര്‍ന്നുണ്ടാകുന്ന തിരക്കുകളും പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുമെന്നതുമാണ് ഈ സംവിധാനം നടപ്പാക്കുന്നതിന്റെ പ്രധാന മേന്മയായി മന്ത്രി അഭിപ്രായപ്പെടുന്നത്.

റോഡുകളിലൂടെ യാത്ര ചെയ്യുന്ന വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ള ജി.പി.എസ് സംവിധാനത്തിന്റെ സഹായത്തോടെ സഞ്ചരിച്ച ദൂരം കണക്കാക്കി വാഹന ഉടമയുടെ ഫാസ്റ്റാഗ് അക്കൗണ്ടില്‍ നിന്ന് ടോളിനുള്ള പണം ഈടാക്കുന്ന സംവിധാനമായിരിക്കും ഒരുങ്ങുകയെന്നാണ് വിലയിരുത്തലുകള്‍. ടോള്‍ പിരിക്കുന്നതിനായി വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് റീഡ് ചെയ്യുന്ന കംപ്യൂട്ടറൈസ്ഡ് സംവിധാനം ഒരുക്കുക എന്ന ആശയവും മന്ത്രി മുന്‍പ് അവതരിപ്പിച്ചിരുന്നു. ഈ രീതിയാണ് വ്യക്തിപരമായി അദ്ദേഹം താത്പര്യപ്പെടുന്നതെന്നും അദ്ദേഹം അറിയിച്ചിരുന്നു.

2018-19 കാലഘട്ടത്തില്‍ ഇന്ത്യയിലെ ടോള്‍ പ്ലാസകളില്‍ ശരാശരി കാത്തിരിപ്പ് സമയം എട്ട് മിനിറ്റ് വരെയായിരുന്നു. എന്നാല്‍, ഫാസ്റ്റാഗ് അവതരിപ്പിച്ചതിന് ശേഷം 2020-21, 2021-22 കാലഘട്ടത്തില്‍ ഇത് 47 സെക്കന്റായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് മന്ത്രി നിതിന്‍ ഗഡ്കരി അവകാശപ്പെടുന്നത്. എന്നാല്‍, നഗരപ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ തിരിക്കുള്ള സമയത്തിന് അനുസരിച്ച് കാത്തിരിപ്പില്‍ മാറ്റമുണ്ടാകാറുണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍, ഇത് പൂര്‍ണമായും ഇല്ലാതാക്കാനാണ് ജി.പി.എസ്. അധിഷ്ഠിത സംവിധാനം ഒരുങ്ങുന്നത്.

മുന്‍വര്‍ഷം പുറത്തുവന്ന കണക്കുകള്‍ അനുസരിച്ച് ഫാസ്റ്റാഗ് സംവിധാനത്തിലൂടെ പ്രതിദിനം 120 കോടി രൂപ ടോള്‍ വരുമാനം ദേശീയപാത അതോറിറ്റിക്ക് ലഭിക്കുന്നുണ്ടെന്നാണ് വിലയിരുത്തലുകള്‍. ഈ വര്‍ഷം ഉള്‍പ്പെടെ നിരവധി പുതിയ റോഡുകള്‍ തുറന്നതോടെ ഈ വരുമാനം ഉയര്‍ന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് സഞ്ചരിക്കുന്നതിനായി ടോള്‍ പ്ലാസകളില്‍ പ്രത്യേകം ട്രാക്ക് ഒഴിച്ചിട്ടിട്ടുണ്ട്. എന്നാല്‍, ഫാസ്റ്റാഗ് വഴി ഈടാക്കുന്നതിന്റെ ഇരട്ടി തുകയാണ് ഇതില്‍ ടോള്‍ നല്‍കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here