32 കാരനായ വെസ്റ്റ് ഇന്‍ഡീസ് ദേശീയ ക്രിക്കറ്റ് ടീം വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ഷെയ്ന്‍ ഡൗറിച്ച് ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഏകദിന ടീമിന്റെ ഭാഗമായിട്ടും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.
2019 ല്‍ ബംഗ്ലാദേശിനെതിരെ വെസ്റ്റ് ഇന്‍ഡീസ് ദേശീയ ക്രിക്കറ്റ് ടീമിനായി ഡൗറിച്ച് തന്റെ ഒരേയൊരു ഏകദിന മത്സരം കളിച്ചത്. അങ്ങനെ ഇരിക്കെയാണ് അദ്ദേഹത്തെ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കായി ഏകദിനത്തിലേക്ക് തിരിച്ചുവിളിച്ചത്. അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് 78 ശരാശരിയിലും 91.76 സ്ട്രൈക്ക് റേറ്റിലും 234 റണ്‍സ് നേടിയ സൂപ്പര്‍50 കപ്പിലെ മികച്ച പ്രകടനത്തിന് ശേഷമാണ് ഷെയ്ന്‍ ഡൗറിച്ചിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയത്.
എന്നിരുന്നാലും, ഏകദിനത്തില്‍ നിന്ന് തിരിച്ചുവിളിച്ച് 10 ദിവസത്തിന് ശേഷം, അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. അതിനാല്‍ താരത്തെ പരമ്പരയ്ക്ക് ലഭ്യമല്ല. ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് താരത്തിന്റെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ ക്യാപ്റ്റന്‍ ഷായ് ഹോപ്പ് മാത്രമായിരിക്കും ടീമിലെ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍.
2015-ല്‍ ഡൊമിനിക്കയില്‍ ഓസ്ട്രേലിയയ്ക്കെതിരെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചതിന് ശേഷം ഡൗറിച്ച് വെസ്റ്റ് ഇന്‍ഡീസിനായി 35 ടെസ്റ്റുകള്‍ കളിച്ചു. മൂന്ന് സെഞ്ചുറികള്‍ ഉള്‍പ്പെടെ 29.07 ശരാശരിയില്‍ 1,570 റണ്‍സ് അദ്ദേഹം നേടി.
CWI ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് മൈല്‍സ് ബാസ്‌കോംബ്, വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ക്ക് ഷെയ്ന്‍ ഡൗറിച്ചിന് നന്ദി അറിയിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന വിക്കറ്റ് കീപ്പര്‍-ബാറ്ററുടെ ഭാവിക്ക് അദ്ദേഹം ആശംസകള്‍ നേരുകയും ചെയ്തു.