പ്രവാസികള്‍ ഇന്ത്യയിലേക്കയച്ചത് 10 ലക്ഷം കോടിയിലധികം രൂപ

0
130

മുംബൈ: പ്രവാസികള്‍ ഇന്ത്യയിലേക്കയക്കുന്ന പണത്തില്‍ ഈ വര്‍ഷം 12.3 ശതമാനം വളര്‍ച്ചയെന്ന് ലോകബാങ്കിന്റെ അവലോകന റിപ്പോര്‍ട്ട്. 2023-ല്‍ ആകെ 12,500 കോടി ഡോളര്‍ (ഏകദേശം 10.38 ലക്ഷം കോടി രൂപ) ഇത്തരത്തില്‍ ഇന്ത്യയിലേക്കെത്തുമെന്നാണ് അനുമാനം. ഇന്ത്യയുടെ മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ (ജി.ഡി.പി.) 3.4 ശതമാനംവരുന്ന തുകയാണിത്. 2022-ല്‍ ആകെ 11,122 കോടി ഡോളറാണ് ഇത്തരത്തില്‍ പ്രവാസികള്‍ രാജ്യത്തേക്കയച്ചത്. അതായത്, ഏകദേശം ഒമ്പതുലക്ഷം കോടിയിലധികം രൂപ.

2023-ല്‍ ഇന്ത്യയിലേക്കുള്ള പ്രവാസി നിക്ഷേപത്തില്‍ മുമ്പ് കണക്കാക്കിയിരുന്നതിലും 1,400 കോടി ഡോളറിന്റെയെങ്കിലും (1.16 ലക്ഷം കോടി രൂപ) വര്‍ധനയുണ്ടാകുമെന്നാണ് ലോകബാങ്കിന്റെ പുതിയ കുടിയേറ്റ-വികസന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം വരുന്ന രാജ്യവും ഇന്ത്യയാണ്. രണ്ടാമതുള്ള മെക്‌സിക്കോയിലേക്ക് 6,700 കോടി ഡോളറും (5.57 ലക്ഷം കോടി രൂപ) മൂന്നാമതുള്ള ചൈനയിലേക്ക് 5,000 കോടി ഡോളറും (4.16 ലക്ഷം കോടി രൂപ) മാത്രമാണ് എത്തുന്നത്.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള പ്രവാസി പണമൊഴുക്കില്‍ 66 ശതമാനവും ഇന്ത്യയിലേക്കാണെത്തുന്നത്. കഴിഞ്ഞവര്‍ഷമിത് 63 ശതമാനം വരെയായിരുന്നു. പത്തുവര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയിലേക്കുള്ള എന്‍.ആര്‍.ഐ. നിക്ഷേപത്തില്‍ 78.5 ശതമാനം വര്‍ധനയുണ്ട്. 2013-ല്‍ 7038 കോടി ഡോളര്‍മാത്രമായിരുന്നു പ്രവാസി നിക്ഷേപം. 2022-ല്‍ ഇത് ആദ്യമായി 10,000 കോടി ഡോളര്‍ പിന്നിട്ടു. ഇന്ത്യയിലേക്ക് പ്രവാസികളയക്കുന്ന പണത്തിന്റെ 36 ശതമാനവും വരുന്നത് അമേരിക്ക, ബ്രിട്ടന്‍, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളില്‍നിന്നാണ്. അടുത്തസ്ഥാനത്ത് യു.എ.ഇ. ഉള്‍പ്പെട്ട ജി.സി.സി. രാജ്യങ്ങളാണ്-18 ശതമാനം. 2023 ഫെബ്രുവരിയില്‍ ഇന്ത്യയും യു.എ.ഇ.യും പ്രാദേശിക കറന്‍സികള്‍ അതിര്‍ത്തികടന്നുള്ള ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതിനുണ്ടാക്കിയ കരാര്‍ ഇന്ത്യയിലേക്കുള്ള പ്രവാസിനിക്ഷേപം ഉയരാന്‍ കാരണമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

2024-ലും ഇന്ത്യയിലേക്കുള്ള പ്രവാസിപണമൊഴുക്ക് ശക്തമായി തുടരുമെന്നും ലോകബാങ്ക് വിലയിരുത്തുന്നുണ്ട്. വളര്‍ച്ച എട്ടുശതമാനംവരെയാണ് പ്രതീക്ഷിക്കുന്നത്. ഇതനുസരിച്ച് 13,500 കോടി ഡോളര്‍വരെ (ഏകദേശം 11.23 ലക്ഷം കോടി രൂപ) ഇന്ത്യയിലേക്കെത്തുമെന്നും അനുമാനിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here