ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുമെന്ന് മുൻ കാമുകിയുടെ ഭീഷണി; പൊലീസിൽ പരാതി നൽകി മുൻ ഐ.പി.എൽ സ്റ്റാർ

0
347

മുംബൈ: മുൻ കാമുകി തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നതായി മുൻ ഐ.പി.എൽ സൂപ്പർതാരത്തിന്‍റെ പരാതി. രാജസ്ഥാൻ റോയൽസ് താരമായിരുന്ന കർണാടകയുടെ ലെഗ് സ്പിന്നർ കെ.സി. കരിയപ്പയാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയത്.

തന്‍റെ ക്രിക്കറ്റർ കരിയർ അവസാനിപ്പിക്കുമെന്നാണ് മുൻ കാമുകിയുടെ ഭീഷണി. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിങ്സ് ടീമുകൾക്കുവേണ്ടിയും 29കാരനായ താരം കളിച്ചിട്ടുണ്ട്. ബംഗളൂരുവിലെ രാമയ്യ ലേഔട്ടിൽ താമസിക്കുന്ന കരിയപ്പ കുടക് സ്വദേശിയാണ്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ലഹരിക്ക് അടിമയായ യുവതിയുമായുള്ള ബന്ധം പിന്നീട് ഒഴിവാക്കിയെന്നും കരിയപ്പ പരാതിയിൽ പറയുന്നു.

തന്‍റെ കുടുംബത്തെയും യുവതി ഭീഷണിപ്പെടുത്തുകയാണ്. സ്വയം ജീവനൊടുക്കുമെന്നും മരണത്തിനു ഉത്തരവാദി കരിയപ്പയാണെന്ന് എഴുതിവെക്കുമെന്നും യുവതി പറഞ്ഞതായി താരം പറയുന്നു. ഒരുവർഷം മുമ്പ് യുവതി കരിയപ്പക്കെതിരെയും പൊലീസിൽ പരാതി നൽകിയിരുന്നു. വിവാഹ വാഗ്ദാനം നൽകി തന്നെ ഗർഭിണിയാക്കിയെന്നും പിന്നീട് ഗുളിക നൽകി ഗർഭം അലസിപ്പിച്ചെന്നുമാണ് താരത്തിനെതിരെ യുവതി അന്ന് നൽകിയ പരാതിയിൽ പറയുന്നത്. മദ്യം ഉപേക്ഷിക്കാൻ യുവതിയോട് പലതവണ അഭ്യർഥിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവിലാണ് ബന്ധം ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് താരം പൊലീസിനോട് വെളിപ്പെടുത്തി.

കരിയപ്പയുടെ പരാതിയിൽ യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. 2015ൽ കൊൽക്കത്തക്കൊപ്പമാണ് കരിയപ്പ ഐ.പി.എൽ കരിയർ ആരംഭിച്ചത്. ഒരു മത്സരം മാത്രമാണ് ടീമിനുവേണ്ടി കളിച്ചത്. തൊട്ടടുത്ത വർഷം പഞ്ചാബ് കിങ്സിനൊപ്പം ചേർന്നു. 2019ൽ കൊൽക്കത്തക്കൊപ്പം ചേർന്നെങ്കിലും 2020ൽ താരത്തെ ഒഴിവാക്കി.

2021ൽ വീണ്ടും താരത്തെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. അതേ വർഷം തന്നെയാണ് ലിസ്റ്റ് എ ക്രിക്കറ്റിൽ കർണാടകക്കായി താരം അരങ്ങേറ്റം കുറിക്കുന്നതും. കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിൽ താരത്തിന് തിളങ്ങാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here