കോഴിക്കോട്ടേക്ക് മടങ്ങിയെത്താനൊരുങ്ങി ഇത്തിഹാദ് എയർലൈൻസ്; ടിക്കറ്റ് നിരക്ക് 20,000 രൂപ മുതൽ

0
159

കരിപ്പൂർ: രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം കോഴിക്കോട്ടേക്ക് മടങ്ങിയെത്താനൊരുങ്ങി അബുദബിയുടെ ഔദ്യോഗിക എയർലൈനായ ഇത്തിഹാദ്. ജനുവരി ഒന്നുമുതൽ കോഴിക്കോട്-അബുദാബി എത്തിഹാദ് സർവീസ് പുനരാരംഭിക്കുമെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോർട്ട്‌ ചെയ്തു. 20,000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. കൊവിഡ് വിലക്കുകളും കോഴിക്കോട്ട് വലിയ വിമാനങ്ങൾക്കു വന്ന നിയന്ത്രണവുമാണ് ഇത്തിഹാദ് സർവീസുകളെ ബാധിച്ചത്.

കോഴിക്കോട്-അബുദാബി മേഖലയിൽ ദിവസവും നാലു സർവീസുകളുണ്ടായിരുന്നു. എന്നാൽ നിയന്ത്രണങ്ങൾ വന്നതോടെയാണ് സർവീസുകൾ നിർത്തിയത്. 300 പേർക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങൾക്ക് കോഴിക്കോട്ട്‌ സർവീസിന് അനുമതി ലഭിച്ചതോടെയാണ് ഇത്തിഹാദിന് വീണ്ടും തിരിച്ചുവരാനായത്. ഉച്ചയ്ക്ക് 2.20-ന് അബുദാബിയിൽനിന്നു പുറപ്പെടുന്ന വിമാനം വൈകിട്ട് 7.05-ന് കരിപ്പൂരിലെത്തുന്ന വിധത്തിലാണ് സർവീസ്. തിരിച്ച് രാത്രി 9.30-ന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന വിമാനം 12.05-ന് അബുദാബിയിലെത്തും.

യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് കൂടുതൽ സർവീസുകൾ തുടങ്ങുന്ന കാര്യവും പരിഗണനയിലുണ്ട്. അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, മുംബൈ, ന്യൂ ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, കൊച്ചി എന്നിവിടങ്ങളിലും സേവനം വിപുലമാക്കാനുള്ള പദ്ധതികള്‍ കമ്പനിക്കുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here