തടഞ്ഞിട്ടത് എല്ലിസിന്റെ വിലപ്പെട്ട നാല് റണ്‍? ഓസീസിനെതിരെ അവസാന ടി20യില്‍ ഇന്ത്യയെ ‘രക്ഷിച്ചത്’ അംപയര്‍?

0
173

ബംഗളൂരു: ഓസ്‌ട്രേലിയക്കെതിരെ അഞ്ചാം ടി20യില്‍ ആറ് റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടാസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ശ്രേയസ് അയ്യരുടെ (53) ഇന്നിംഗ്‌സിന്റെ കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് നേടിയത്. അക്‌സര്‍ പട്ടേല്‍ 31 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഓസീസിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനാണ് സാധിച്ചത്. ബെന്‍ മക്‌ഡെമോര്‍ട്ടാണ് (54) ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. അര്‍ഷ്ദീപ് സിംഗിന്റെ അവസാന ഓവര്‍ വിജയത്തില്‍ നിര്‍ണായകമായി.

അര്‍ഷ്ദീപ് എറിഞ്ഞ അവസാന ഓവറില്‍ പത്ത് റണ്‍സാണ് ഓസീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ രണ്ട് റണ്‍സ് വിട്ടുകൊടുക്കാതിരുന്ന അര്‍ഷ്ദീപ് മൂന്നാം പന്തില്‍ മാത്യൂ വെയ്ഡിനെ പുറത്താക്കുകയും ചെയ്തു. നാലാം പന്തില്‍ ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ് ഒരു റണ്‍ നേടി. അവസാന രണ്ട് പന്തില്‍ ഓസീസിന് ജയിക്കാന്‍ വേണ്ടത് ഒമ്പത് റണ്‍. അഞ്ചാം പന്ത് നേരിട്ടത് നതാന്‍ എല്ലിസ്. അര്‍ഷ്ദീപിന്റെ ഫുള്‍ ഡെലിവറി എല്ലിസ് ബൗണ്ടറി പായിക്കാന്‍ ശ്രമിച്ചു. പന്ത് ചെന്നത് അംപയറുടെ നേരെ. മാറാന്‍ പോലും അംപയര്‍ വിരേന്ദര്‍ ശര്‍മയ്ക്ക് സാധിച്ചില്ല. അദ്ദേഹത്തിന്റെ ദേഹത്ത് തട്ടുകയായിരുന്നു. അര്‍ഷ്ദീപിന്റെ കയ്യില്‍ കൊണ്ടാണ് പന്ത് അംപയറുടെ ദേഹത്തേക്ക് വന്നത്. വീഡിയോ കാണാം..

 

മോശം തുടക്കമായിരുന്നു ഓസീസിന്. ആദ്യ ഏഴ് ഓവറുകള്‍ക്കിടെ ഓസീസിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ട്രാവിസ് ഹെഡ് (28), ജോഷ് ഫിലിലെ (4), ആരോണ്‍ ഹാര്‍ഡി (6) എ്‌നിവരാണ് മടങ്ങിയത്. പിന്നീട് ബെന്‍ – ടിം ഡേവിഡ് (17) സഖ്യം 47 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഇരുവരും അടുത്തടുത്ത ഓവറുകളില്‍ മടങ്ങിയതോടെ ഓസീസ് അഞ്ചിന് 116 എന്ന നിലയിലായി. മാത്യൂ ഷോര്‍ട്ട് (16), ബെന്‍ ഡാര്‍ഷിസ് (0) എന്നിവരെ അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി മുകേഷ് കുമാര്‍ ഓസീസിനെ പ്രതിരോധത്തിലാക്കി.

വെയ്ഡ് (22) – നതാന്‍ എല്ലിസ് (4) സഖ്യം ഓസീസിന് പ്രതീക്ഷ നല്‍കി. എന്നാല്‍ അവസാന ഓവറില്‍ വെയ്ഡിനെ അര്‍ഷ്ദീപ് മടക്കിയതോടെ ഓസീസ് തോല്‍വി സമ്മതിച്ചു. അവസാ ഓവറില്‍ മൂന്ന് റണ്‍സ് മാത്രമാണ് പിറന്നത്. ബെഹ്രന്‍ഡോര്‍ഫ് (2) എല്ലിസിനൊപ്പം പുറത്താവാതെ നിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here