ന്യൂഡല്‍ഹി: ഇന്‍ഡ്യ സഖ്യത്തിന്റെ ലോക്‌സഭാ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കം. മഹാരാഷ്ട്രയിലെ സീറ്റ് ചര്‍ച്ചകള്‍ കോണ്‍ഗ്രസ് നടത്തും. ജെഡിയു ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലും ലോക്സഭ സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കും. ഇന്‍ഡ്യ സഖ്യത്തിലെ സീറ്റ് വിഭജനം എത്രയും വേഗം പൂര്‍ത്തിയാക്കാനുളള ചര്‍ച്ചകളാണ് നടക്കുന്നത്.
ഡല്‍ഹിയില്‍ നടക്കുന്ന ജെഡിയു ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇന്‍ഡ്യ മുന്നണി സീറ്റ് വിഭജനവും ലോക്‌സഭ തിരഞ്ഞെടുപ്പ് ഒരുക്കവും ചര്‍ച്ചയാകും. പ്രതിപക്ഷ സഖ്യം ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിതീഷ് കുമാറിനെ പ്രഖ്യാപിക്കണമെന്ന ആവശ്യം ജെഡിയു നേതൃയോഗത്തിലുയര്‍ന്നേക്കാം. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് നിതീഷ് കുമാര്‍ നയിക്കുന്ന രാജ്യവ്യാപക പ്രചാരണത്തിന്റെ രൂപരേഖയും യോഗത്തില്‍ തയ്യാറാക്കും.
സീറ്റ് ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് രൂപീകരിച്ച സമിതി ഇന്ന് യോഗം ചേരും. മുകുള്‍ വാസ്‌നിക്കിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ മഹാരാഷ്ട്രയിലെ സീറ്റുകള്‍ സംബന്ധിച്ച് ചര്‍ച്ച നടക്കും. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും. ഏതൊക്കെ സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കണം, വിജയ സാധ്യത അടക്കമുള്ള കാര്യങ്ങളാണ് ചര്‍ച്ചയാവുക. ശേഷമാകും എന്‍സിപി – ശിവസേന ഉദ്ദവ് പക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച.