ഒന്നും അവസാനിച്ചിട്ടില്ല; മെസിയും ക്രിസ്റ്റ്യാനോയും വീണ്ടും നേര്‍ക്കുനേര്‍, വേദി സൗദി, തീയതി ഫെബ്രുവരി ഒന്ന്‌

0
142

ഒന്നരപ്പതിറ്റാണ്ടിലധികമായി മൈതാനത്ത് തുടരുന്ന വൈരത്തിന് സൗദിഅറേബ്യന്‍ മണ്ണില്‍ തുടർച്ച. നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ലയണല്‍ മെസിയും നേർക്കുനേർ എത്തുന്നു. റിയാദ് സീസണ്‍ കപ്പില്‍ ഇന്റർ മയാമി പങ്കെടുക്കുമെന്ന് ക്ലബ്ബ് അധികൃതർ അറിയിച്ചതോടെയാണ് മെസി-റോണോ പോരാട്ടത്തിന് വീണ്ടും കളം ഒരുങ്ങിയിരിക്കുന്നത്.

മെസി ഭാഗമായ ഇന്റർ മയാമി അല്‍ ഹിലാലിനെ ജനുവരി 29-ന് നേരിടും. റൊണാള്‍ഡോയുടെ അല്‍ നസറുമായുള്ള മെസിപ്പടയുടെ മത്സരം ഫെബ്രുവരി ഒന്നിനാണ്. സൗദി പ്രൊ ലീഗിലെ പട്ടികയില്‍ മുന്‍പന്തിയിലുള്ള ടീമുകളാണ് അല്‍ ഹിലാലും അല്‍ നസറും.

”ഈ മത്സരങ്ങള്‍ ഞങ്ങളുടെ ടീമിനുള്ള പ്രധാന പരീക്ഷണങ്ങളാണ്. പുതിയ സീസണിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ ഇത് ഗുണം ചെയ്യും. അല്‍ ഹിലാലും അല്‍ നസറും പോലുള്ള മികച്ച ടീമുകളുമായുള്ള മത്സരത്തിനായി ഞങ്ങള്‍ക്ക് ആകാംഷയുണ്ട്,” ഇന്റർ മിയാമി സ്പോർട്ടിങ് ഡയറക്ടർ ക്രിസ് ഹെന്‍ഡേഴ്സണ്‍ പറഞ്ഞു.

ക്ലബിനും രാജ്യത്തിനുമായി മെസിയും റൊണാള്‍ഡോയും ഇതുവരെ 35 തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. 16 തവണ മെസി ഭാഗമായ ടീമിനൊപ്പമായിരുന്നു ജയം. റൊണാള്‍ഡോയുടെ ടീമിന് പത്ത് തവണയാണ് വിജയിക്കാനായത്. ആറ് മത്സരങ്ങള്‍ സമനിലയിലും കലാശിച്ചു. മെസി 21 ഗോളും 12 അസിസ്റ്റും നേടി. റൊണാള്‍ഡോയുടെ പേരില്‍ 20 ഗോളും ഒരു അസിസ്റ്റുമാണുള്ളത്.

സ്പോർട്‌സ്‍‍‌വാഷിങ് ആരോപണങ്ങള്‍ തുടരുമ്പോഴും ഫുട്ബോള്‍ മേഖലയില്‍ പുതിയ വിപ്ലവം സൃഷ്ടിക്കുകയാണ് സൗദി അറേബ്യ. റൊണാള്‍ഡൊ, കരിം ബെന്‍സിമ, നെയ്മർ തുടങ്ങിയ ഫുട്ബോള്‍ ഐക്കണുകളെ സൗദി പ്രൊ ലീഗിലെത്തിക്കാന്‍ അവർക്കായി. എന്നാല്‍ മെസിയെ കൂടാരത്തിലെത്തിക്കാന്‍ സൗദി വമ്പന്മാർക്ക് സാധിച്ചിരുന്നില്ല. പാരിസ് സെന്റ് ജർമന് പിന്നാലെ സൗദിയില്‍ നിന്നുള്ള ഓഫർ നിരസിച്ച് മെസി മേജർ ലീഗ് സോക്കറിലേക്കായിരുന്നു ചേക്കേറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here