സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; കണ്ണൂരിന് പിറകെ കോഴിക്കോടും

0
278

ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം ആശങ്കകൾ ഉയർത്തി സംസ്ഥാനത്ത് വീണ്ടുമൊരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോടാണ് മരിച്ചയാൾക്ക് കൊവിഡ് ആയിരുന്നവെന്ന് സ്ഥിരീകരിച്ചത്. കുന്നുമൽ വട്ടോളിയിൽ കളിയാട്ടുപറമ്പത്ത് കുമാരൻ (77) ആണ് മരിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

ഇയാളുടെ മരണശേഷമാണ് സംശയത്തെ തുടർന്ന് പരിശോധന നടത്തിയത്.കഴിഞ്ഞ ദിവസം കണ്ണൂരിലും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു. പാനൂരിൽ കൊവിഡ് ബാധിച്ച് വ്യാപാരി മരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത മതിയെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.

അതേ സമയം കൊവിഡ് ബാധയുമായി ബന്ധപ്പെട്ട് പുതിയ പഠനം പുറത്തു വന്നിരുന്നു. കൊവിഡ് 19 ന് കാരണമായ സാർസ് കോവ് 2 വൈറസ് അണുബാധ ശ്വാസകോശത്തിൽ രണ്ട് വർഷം വരെ നിലനിൽക്കാമെന്ന് റിപ്പോർട്ടിൽ‌ പറയുന്നു. ഫ്രഞ്ച് പൊതു ഗവേഷണ സ്ഥാപനമായ ആൾട്ടർനേറ്റീവ് എനർജീസ് ആൻഡ് ആറ്റോമിക് എനർജി കമ്മീഷനുമായി (സിഇഎ) സഹകരിച്ച് ഇൻസ്റ്റിറ്റ്യൂട്ട് പാസ്ചറിൽ നിന്നുള്ള ഒരു സംഘമാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. നേച്ചർ ഇമ്മ്യൂണോളജി ജേണലിൽ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.

അണുബാധയ്ക്ക് ശേഷം18 മാസം വരെ ചില വ്യക്തികളുടെ ശ്വാസകോശത്തിൽ SARS-CoV-2 കാണപ്പെടുന്നുവെന്ന് മാത്രമല്ല പ്രതിരോധശേഷി കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ​ഗവേഷകർ പറയുന്നു.അണുബാധയുണ്ടായതിന് ശേഷം ചില വൈറസുകൾ ശരീരത്തിൽ സൂക്ഷ്മമായും കണ്ടെത്താനാകാത്ത വിധത്തിലും നിലനിൽക്കുന്നുവെന്നും ഗവേഷകർ പറഞ്ഞു. അണുബാധയ്ക്ക് ശേഷം 6 മുതൽ 18 മാസം വരെ ചില വ്യക്തികളുടെ ശ്വാസകോശത്തിൽ വൈറസുകൾ കണ്ടെത്തിയതായി റിര്രോർട്ടിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here