ഗ്യാന്‍വാപിയില്‍ ക്ഷേത്ര നിര്‍മാണം: മസ്ജിദ് കമ്മിറ്റിയുടെ ഹരജി തള്ളി അലഹബാദ് ഹൈക്കോടതി

0
222

ലഖ്നൗ: ഗ്യാന്‍വാപിയില്‍ നിര്‍ണായക വിധിയുമായി അലഹബാദ് ഹൈക്കോടതി. ഗ്യാന്‍വാപിയില്‍ ക്ഷേത്രനിര്‍മ്മാണത്തിന് അനുമതി തേടിയതിനെതിരായ മസ്ജിദ് കമ്മിറ്റിയുടെ ഹരജി അലഹബാദ് ഹൈക്കോടതി തള്ളി. ക്ഷേത്ര നിര്‍മാണത്തിന് അനുമതി തേടാന്‍ ആരാധനാലയ നിയമം തടസമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഗ്യാന്‍വാപി മസ്ജിദ് പൊളിച്ചുമാറ്റി അവിടെ ക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളാണ് കോടതി പരിഗണിച്ചിരുന്നത്. 1991 മുതലുള്ള ഹരജികളാണു കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. ഇതില്‍ നേരത്തെ വിശദമായി വാദം കേട്ടിരുന്നു. ഇതില്‍ വിധി പറയാനായി ഇന്നത്തേക്കു മാറ്റിവച്ചതായിരുന്നു.

ഇതിനെ വെല്ലു വിളിച്ച് മസ്ജിദ് കമ്മിറ്റിയും ഉത്തര്‍പ്രദേശിലെ സുന്നി വഖഫ് ബോര്‍ഡും ഹരജി സമര്‍പ്പിച്ചു. ഈ എതിര്‍പ്പുകള്‍ തള്ളിയാണ് ഹരജികള്‍ നിലനില്‍ക്കുമെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഹരജികള്‍ക്ക് ആരാധനാലയ സംരക്ഷണ നിയമം ബാധകമാകില്ലെന്നു കൂടി കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഹരജികളില്‍ ആറു മാസത്തിനകം വാദം കേട്ടു തീരുമാനമെടുക്കാന്‍ വാരണാസി ജില്ലാ കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം ഗ്യാന്‍വാപിയില്‍ ഇനിയും സര്‍വേ ആവശ്യമാണെങ്കില്‍ അതുമായി മുന്നോട്ടുപോകാമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here