ഒഴുകിയകന്ന് കാറുകള്‍, വീശിയടിച്ച് കൊടുങ്കാറ്റ്; ചെന്നൈയിലെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ | VIDEOS

0
259

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ തുടരുകയാണ്. വെള്ളപ്പൊക്കത്തിന്‍റെ തീവ്രത വ്യക്തമാക്കുന്ന നിരവധി ദൃശ്യങ്ങളാണ് ചെന്നൈയില്‍ നിന്ന് പുറത്തുവരുന്നത്. നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ വെള്ളത്തിലൂടെ ഒഴുകി പോകുന്ന ദൃശ്യങ്ങള്‍ എക്‌സ് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ചെന്നൈ വിമാനത്താവളത്തിന്റെ വെള്ളം നിറഞ്ഞ റണ്‍വേയും സര്‍വ്വീസ് നടത്താന്‍ കഴിയാതെ വിമാനങ്ങള്‍ നിര്‍ത്തിയിട്ടതും മറ്റൊരു വീഡിയോയില്‍ കാണാം. അതിശക്തമായി വീശിയടിക്കുന്ന കൊടുങ്കാറ്റിന്റെ ദൃശ്യങ്ങളും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ തമിഴ്‌നാട്ടിലെ പലഭാഗത്തുനിന്നുമുള്ള വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങളും ജനങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

24 മണിക്കൂറിനിടെ 196 മില്ലീമീറ്റര്‍ മഴയാണ് മീനമ്പാക്കത്ത് മാത്രം പെയ്തത്. നുങ്കമ്പാക്കത്ത് ഇത് 154.3 മില്ലീമീറ്ററാണ്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരവരെയുള്ള കണക്കാണ് ഇത്.

തമിഴ്‌നാടിന്റെ തീരദേശ ജില്ലകളില്‍ 5,000 ദുരിതാശ്വാസ ക്യാമ്പുകളാണ് സര്‍ക്കാര്‍ ഒരുക്കിയത്. ദുരിതാശ്വാസ നടപടികള്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വിലയിരുത്തി. വില്ലുപുരം, മയിലാടുതുറൈ, നാഗപട്ടണം, തിരുവള്ളൂര്‍, കടലൂര്‍, ചെങ്കല്‍പേട്ട എന്നിവിടങ്ങളിലായി സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെ ഒമ്പതും ദേശീയ ദുരന്ത പ്രതികരണ സേനയുടെ എട്ടും സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here