ഐപിഎല്‍ ചരിത്രത്തില്‍ ആദ്യം; ലേലത്തില്‍ റെക്കോര്‍ഡിട്ട് പാറ്റ് കമിന്‍സ്; 20.50 കോടിക്ക് ഹൈദരാബാദില്‍

0
179

ദുബായ്: ഐപിഎല്‍ ലേലത്തിന്‍റെ ചരിത്രത്തിലാദ്യമായി 20 കോടി രൂപ സ്വന്തമാക്കുന്ന ആദ്യ താരമായി ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സ്. കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ പഞ്ചാബ് കിംഗ്സ് 18.50 കോടി മുടക്കി ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറനെ സ്വന്തമാക്കിയതായിരുന്നു ഐപിഎല്ലില്‍ ഒരു കളിക്കാരനായി ടീം മുടക്കിയ ഏറ്റവും വലിയ തുക. ആ റെക്കോര്‍ഡാണ് കമിന്‍സ് ഇന്ന് മറികടന്നത്.

വിദേശ പേസറെ ആവശ്യമുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ് ആയിരുന്നു ലേലത്തില്‍ ഓസ്ട്രേലിയന്‍ നായകനായി ആദ്യം രംഗത്തെത്തിയത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും രണ്ട് കോടി അടിസ്ഥാന വിലയുള്ള കമിന്‍സിനായി രംഗത്തെത്തിയതോടെ ലേലത്തുക കുതിച്ചുയര്‍ന്നു.

ഒടുവില്‍ ലേലം 7 കോടി  കടന്നതോടെ സണ്‍റൈസേഴ്സ് ഹൈദരാബാദും കമിന്‍സിനായി രംഗത്തെത്തി. ഇതോടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് പിന്‍മാറി. 10 ഉം 15ഉം കോടി കടന്ന് ലേലത്തുക കുതിച്ചിട്ടും ഹൈദരാബാദും ബാംഗ്ലൂരും വിട്ടുകൊടുക്കാന്‍ തയാറായില്ല. ഒടുവില്‍ റെക്കോര്‍ഡ് തുകയായ 18.50 കോടിയും കടന്നതോടെ മറ്റ് ടീമുകളുടെ മുഖത്തും അമ്പരപ്പായിരുന്നു.

എന്നാല്‍ കൂസലില്ലാതെ ലേലം വിളിച്ച കാവ്യമാരനും ആര്‍സിബിയും കമിന്‍സിന്‍റെ മൂല്യമുയര്‍ത്തി. 20 കോടി കടന്നതോടെ ലേല ഹാളില്‍ കൈയടി ഉയര്‍ന്നു, ലേലം അവസാനിച്ചിട്ടില്ലെന്ന് അവതാരക ഓര്‍മിപ്പിച്ചു. മറ്റ് ടീം ഉടമകള്‍ ഇത് എവിടേക്കാണ് പോകുന്നതെന്ന് അന്തം വിട്ടു നില്‍ക്കെ ആര്‍സിബി കമിന്‍സിനായി 20.25 കോടി വിളിച്ചു. എന്നാല്‍ ഒട്ടും സമയം പാഴാക്കാതെ ഹൈദരാബാദിനായി കാവ്യ മാരന്‍ 20.50 കോടി വിളിച്ചതോടെ ആര്‍സിബി പിന്‍മാറി.

20230ലെ താരലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും കമിന്‍സിനെ 15.50 കോടി മുടക്കി ടീമിലെത്തിച്ചിരുന്നു. കാമറോണ്‍ ഗ്രീന്‍(17.50 കോടി), ബെന്‍ സ്റ്റോക്സ്(16.25 കോടി), ക്രിസ് മോറിസ്(16.25 കോടി), നിക്കോളാസ് പുരാന്‍(16 കോടി), യുവരാജ് സിംഗ്(16 കോടി) എന്നിവരാണ് ഐപിഎല്ലില്‍ 16 കോടി പിന്നിട്ട കളിക്കാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here