സിപിഎമ്മിന് കേരളത്തിന് പുറത്ത് ഇനി 17 എംഎൽഎമാർ മാത്രം

0
192

ന്യൂഡൽഹി: നാലു സംസ്ഥാനങ്ങളിലെ തെര‌‍ഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ രാജ്യത്ത് സിപിഎം എംഎൽഎമാരുടെ എണ്ണം 79 ആയി കുറഞ്ഞു. ഇതിൽ 62 എംഎല്‍എമാരും കേരളത്തിലാണ്. രാജസ്ഥാനിലെ രണ്ട് സിറ്റിങ് സീറ്റുകൾ സിപിഎമ്മിന് നഷ്ടപ്പെട്ടിരുന്നു. കേരളം കഴിഞ്ഞാൽ സിപിഎമ്മിന് രണ്ടക്കത്തിൽ എംഎല്‍എമാരുള്ളത് ത്രിപുരയില്‍ മാത്രമാണ്.

രാജസ്ഥാനില്‍ സമീപകാലത്ത്‌ കർഷകമുന്നേറ്റത്തിലൂടെ ശ്രദ്ധ നേടാനായതിന്റെ നേട്ടമുണ്ടാകുമെന്നായിരുന്നു പാർട്ടി നേതൃത്വം പ്രതീക്ഷിച്ചത്. കർഷകമുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ 2018ൽ നേടിയ രണ്ടിൽനിന്ന് നാലുസീറ്റിലേക്കെങ്കിലും അംഗസംഖ്യ ഉയർത്താനാകുമെന്ന പ്രതീക്ഷയാണ് ഫലം വന്നപ്പോൾ പൊലിഞ്ഞത്. രാജസ്ഥാനിൽ 2018ൽ 28 സീറ്റിൽ മത്സരിച്ച സിപിഎം, ഇത്തവണ പോരാട്ടസാധ്യതയുള്ള 17 സീറ്റിൽമാത്രം മത്സരിച്ചാൽമതിയെന്ന് തീരുമാനിച്ചു. എന്നാൽ, ഫലംവന്നപ്പോൾ സിറ്റിങ് സീറ്റുകൾപോലും നഷ്ടപ്പെട്ടു.

രാജസ്ഥാൻ ഭദ്രയിൽ 1,01,616 വോട്ടുകൾ നേടിയ സിപിഎം സ്ഥാനാത്ഥി ബൽവാൻ പുനിയ 1161 വോട്ടിന് തോറ്റു. ബിജെപി സ്ഥാനാർത്ഥി സഞ്ജീവ് കുമാർ ആണ് വിജയിച്ചത്.

മധ്യപ്രദേശിൽ സിപിഎം മത്സരിച്ച നാലു സീറ്റിൽ രണ്ടിടത്ത് വോട്ട് നോട്ടയ്ക്കും താഴെ. സിപിഎമ്മിന് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് പുഷ്പരാജ്ഗഡിൽ (1894). ഇവിടെ നോട്ടയ്ക്ക് 3985 വോട്ടുകൾ ലഭിച്ചു. ഏറ്റവും കുറവ് വോട്ട് ലഭിച്ചത് ഡോ. അംബേദ്കർ നഗറിലാണ് (978). ഇവിടെ നോട്ടയ്ക്ക് 1553 വോട്ടുകളുണ്ട്. ഛത്തീസ്ഗഡില്‍ സിപിഎമ്മിന്റെ 3 സ്ഥാനാർത്ഥികളും തോറ്റു.

തെലങ്കാനയിൽ സിപിഎം 19 ഇടത്ത് മത്സരിച്ചെങ്കിലും കനത്ത തോൽവിയേറ്റുവാങ്ങി. ഒരിടത്തു പോലും രണ്ടാമതുമെത്തിയില്ല. സിപിഎമ്മിനു സ്വാധീനമുള്ള ഖമ്മം ജില്ലയിലെ മത്സരം കോൺഗ്രസിനു വെല്ലുവിളിയാകുമെന്നു കരുതിയെങ്കിലും ഖമ്മത്തെ 10 മണ്ഡലങ്ങളിലും അവർ വിജയിച്ചു. സിപിഎം മത്സരിച്ച 19 സീറ്റുകളിൽ 15 ലും കോൺഗ്രസിനാണു വിജയം. നാലിടത്ത് ബിആർഎസും. ഭദ്രാചലം മണ്ഡലത്തിൽ മാത്രമാണു സിപിഎമ്മിന് കോൺഗ്രസിന്റെ വിജയം തടയാനായത്. സിപിഎം സ്ഥാനാർത്ഥി 5860 വോട്ടു നേടിയ ബിആർസിന്റെ വിജയം 5719 വോട്ടിനായിരുന്നു. 2014 ലെ തെരഞ്ഞെടുപ്പിൽ സിപിഎം തനിച്ചു വിജയിച്ച മണ്ഡലമാണ് ഭദ്രാചലം.

പാലേരു മണ്ഡലത്തിൽ മത്സരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രം നേടിയത് 5049 വോട്ട്. ഇവിടെ 51,341 വോട്ടിനാണ് കോൺഗ്രസിലെ പി ശ്രീനിവാസ റെഡ്ഡി വിജയിച്ചത്. കോൺഗ്രസുമായുള്ള സഖ്യനീക്കം പരാജയപ്പെട്ടതിനാലാണു സിപിഎം തനിച്ചു മത്സരിച്ചത്. തെലങ്കാനയിൽ വോട്ടുവിഹിതത്തിൽ ഫോർവേഡ് ബ്ലോക്കിനെക്കാൾ പിന്നിലാണ് സിപിഎം. 19 മണ്ഡലത്തിൽ മത്സരിച്ച സിപിഎമ്മിന്റെ വോട്ടുവിഹിതം 0.22%. 38 സീറ്റിൽ മത്സരിച്ച ഫോർവേഡ് ബ്ലോക്ക് 0.63 % വോട്ടു നേടി.

വിവിധ സംസ്ഥാനങ്ങളിലെ സിപിഎം എൽഎമാരുടെ എണ്ണം

കേരളം – 62
ത്രിപുര- 11
തമിഴ്നാട്- 2
ബിഹാർ- 2
അസം-1
മഹാരാഷ്ട്ര- 1

LEAVE A REPLY

Please enter your comment!
Please enter your name here