‘എവിടെ ആടിന്റെ മജ്ജ’; വിവാഹവിരുന്നിൽ തർക്കം, പൊലീസെത്തിയിട്ടും പരിഹാരമില്ല, ഒടുവിൽ?

0
196

ഹൈദരാബാദ്: പപ്പടം കിട്ടിയില്ല എന്ന കാരണത്താൽ വിവാഹവേദിയിൽ കൂട്ടത്തല്ല് നടന്ന സംഭവം കേരളത്തിൽ വലിയ വാ‍ർത്തയായിരുന്നു. ഇപ്പോഴിതാ സമാനമായ ഒരു സംഭവമാണ് തെലങ്കാനയിൽ നടന്നിരിക്കുന്നത്. വിവാഹ വിരുന്നിൽ ആടിന്റെ മജ്ജയില്ലെന്ന കാരണത്താൽ വിവാഹം തന്നെ മുടങ്ങിയിരിക്കുകയാണ് ഇവിടെ.

തെലങ്കാനയിലെ ജ​ഗ്ദിയാൽ സ്വദേശിനിയാണ് വധു. നിസാമാബാദ് സ്വദേശിയാണ് വരൻ. വരന്റെ വീട്ടിൽ വച്ച് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾക്കകം വിവാഹം വേണ്ടെന്ന് വച്ചു. അതിഥികൾക്കായി വരന്റെ കുടുംബം നോൺ വെജ് ഭക്ഷണമാണ് ഒരുക്കിയിരുന്നത്. എന്നാൽ അതിഥികളിൽ ഒരാൾ ആടിന്റെ മജ്ജ കൊണ്ടുള്ള വിഭവം ഇല്ലെന്ന് പറഞ്ഞ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചു. അങ്ങനൊരു വിഭവം വിരുന്നിൽ ഉൾപ്പെടുത്തിയിട്ടില്ല എന്ന് വധുവിന്റെ വീട്ടുകാർ പറഞ്ഞതോടെ തർക്കമായി.

സംഭവം സംഘർഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് രം​ഗത്തെത്തി. വരന്റെ വീട്ടുകാരെ അനുനയിപ്പിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും അപമാനിച്ചു എന്ന് പറഞ്ഞ് അവ‍ർ അയയാതെ നിന്നു. ആടിന്റെ മജ്ജ കൊണ്ടുള്ള വിഭവം വിരുന്നിനില്ല എന്ന കാര്യം വധുവിന്റെ കുടുംബം മനപ്പൂർവം മറച്ചുവെച്ചു എന്നാണ് വരന്റെ കുടുംബം ആരോപിച്ചത്. ഒടുവിൽ ഈ വിവാഹം വേണ്ട എന്ന തീരുമാനമെടുത്താണ് വരന്റെ കുടുംബം ചടങ്ങിൽ നിന്ന് മടങ്ങിയത്.

‘ബല​ഗാം’ എന്ന തെലുങ്ക് സിനിമയെ ഓ‍ർമിപ്പിക്കും വിധമാണ് സംഭവമെന്നാണ് വിവരമറിഞ്ഞവർ പറയുന്നത്. മാർച്ചിൽ റിലീസായ ചിത്രത്തിൽ ആടിന്റെ മജ്ജ കൊണ്ടുള്ള വിഭവമില്ല എന്ന കാരണത്താൽ നടക്കുന്ന കല്യാണ അടിയാണ് കാണിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here