ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ഉപയോഗിച്ച് ഫോട്ടോകൾ വസ്ത്രമില്ലാതെ കാണിക്കുന്ന ആപ്പുകൾക്കും വെബ്സൈറ്റുകൾക്കും ജനപ്രീതി വർധിക്കുന്നതായി റിപ്പോർട്ട്. സെപ്റ്റംബറിൽ മാത്രം 24 ദശലക്ഷം ആളുകൾ വസ്ത്രങ്ങൾ ഇല്ലാതെ ചിത്രങ്ങൾ കാണിക്കുന്ന വെബ്‌സൈറ്റുകൾ സന്ദർശിച്ചതായി സോഷ്യൽ നെറ്റ്‌വർക്ക് വിശകലന കമ്പനിയായ ഗ്രാഫിക്ക പറയുന്നു. മാർക്കറ്റിംഗിനായി ജനപ്രിയ സോഷ്യൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ചാണ് ഇത്തരം ആപ്പുകളും സൈറ്റുകളും പ്രവർത്തിക്കുന്നത്.
ഈ വർഷത്തിന്റെ ആരംഭം മുതൽ, X, Reddit എന്നിവയുൾപ്പെടെ സോഷ്യൽ മീഡിയയിൽ ഇത്തരം ആപ്പുകളുടെ പരസ്യ ലിങ്കുകളുടെ എണ്ണം 2,400% ത്തിലധികം വർദ്ധിച്ചതായി ഗവേഷകർ പറഞ്ഞു. ഒരാളുടെ ചിത്രം എഐ ഉപയോഗിച്ച് നഗ്നമാക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും സ്ത്രീകളാണ് ഇരകളാകുന്നത്. ആളുകളുെ അശ്ലീല ചിത്രങ്ങൾ നിർമിക്കാമെന്ന ആശങ്കാജനകമായ ഭീഷണി നിലനിൽക്കുന്നതായും വിദഗ്ധർ പറയുന്നു. ആർക്കും ആരുടെയും ചിത്രമെടുത്ത് നഗ്ന ചിത്രങ്ങളും വീഡിയോകളും നിർമിച്ച് പ്രചരിപ്പിക്കാമെന്നതാണ് അവസ്ഥയെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം അടങ്ങിയ പരസ്യങ്ങൾ കമ്പനി അനുവദിക്കുന്നില്ലെന്ന് ഗൂഗിൾ വക്താവ് പറഞ്ഞു. സംശയാസ്പദമായ പരസ്യങ്ങൾ അവലോകനം ചെയ്ത് നയങ്ങൾ ലംഘിക്കുന്നവ നീക്കം ചെയ്യുമെന്ന് ഗൂഗിൾ വ്യക്തമാക്കി. ലോകത്താകമാനം ഡീപ് ഫെയ്ക്ക് വീഡിയോകളുടെ ആശങ്ക വർധിക്കുന്ന സമയത്താണ് ഇത്തരം നഗ്ന ആപ്പുകളുടെ ഭീഷണി. ഡീപ്ഫേക്ക് പോണോഗ്രാഫി നിരോധിക്കുന്ന ഒരു ഫെഡറൽ നിയമവും അമേരിക്കയിൽ നിലവിൽ ഇല്ല.
എന്നിരുന്നാലും പ്രായപൂർത്തിയാകാത്തവരുടെ ഇത്തരത്തിലുള്ള ചിത്രങ്ങൾ നിർമ്മിക്കുന്നത് യുഎസ് ഗവൺമെന്റ് നിയമവിരുദ്ധമാക്കുന്നു. നവംബറിൽ, നോർത്ത് കരോലിനയിലെ ഒരു ചൈൽഡ് സൈക്യാട്രിസ്റ്റിനെ ഫോട്ടോകളിൽ വസ്ത്രം അഴിക്കുന്ന ആപ്പുകൾ ഉപയോഗിച്ചതിന് 40 വർഷം തടവിന് ശിക്ഷിച്ചു. ടിക് ടോക് അൺഗ്രസ് എന്ന എന്ന കീവേഡ് നിരോധിച്ചു. നടപടിയുമായി മെറ്റയും രംഗത്തുവന്നിട്ടുണ്ട്.