ജയ്പൂര്‍: ഉത്തര്‍പ്രദേശില്‍ നിന്ന് യോഗി ആദിത്യനാഥ് രാഷ്ട്രീയത്തിലേക്ക് ഉദിച്ചുയര്‍ന്നതിന് സമാനമായി രാജസ്ഥാനില്‍ മറ്റൊരു യോഗിയുടെ ഉദയമുണ്ടാകുമോ എന്ന് ഉറ്റുനോക്കി രാജസ്ഥാന്‍ രാഷ്ട്രീയം. മഹന്ത് ബാലക് നാഥിന്‍റെ വിജയവും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന അടക്കം പറച്ചിലുമാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. നിർണായക നിയമസഭാ തെരഞ്ഞെടുപ്പിൽ തിജാരയില്‍ കോൺഗ്രസിന്റെ ഇമ്രാൻ ഖാനെ ബിജെപി ലോക്‌സഭാ എംപി ബാലക് നാഥ് തോല്‍പ്പിച്ചത്. കടുത്ത പോരാട്ടത്തിനൊടുവില്‍ 6000 വോട്ടിനായിരുന്നു ബാലക് നാഥിന്‍റെ വിജയം. വിവാദ പരാമർശങ്ങൾക്ക് പേരുകേട്ട ബാലക് നാഥ്, തിജാരയിൽ ഇമ്രാൻ ഖാനെതിരെയുള്ള മത്സരത്തെ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം എന്നാണ് വിശേഷിപ്പിച്ചത്.
ഡിസംബർ ഒന്നിന് പുറത്തിറങ്ങിയ ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ സർവേയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബാലക് നാഥിനായിരുന്നു കൂടുതല്‍ വോട്ട്. സർവേയിൽ പങ്കെടുത്തവരിൽ 10% പേരും ബാലക് നാഥിനെ അടുത്ത രാജസ്ഥാൻ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. രാജസ്ഥാനിലെ യോഗി ആദിത്യനാഥായിട്ടാണ് ബാലക് നാഥ് സ്വയം ചിത്രീകരിച്ചിരിക്കുന്നത്. പലപ്പോഴും ബുൾഡോസറുകളുടെ ചിത്രങ്ങൾ ഉപയോഗിച്ചായിരുന്ട്ടുനു പ്രചാരണം. യോഗി ആദിത്യനാഥ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന സമയത്ത് ബാലക് നാഥിനെ അനുഗമിക്കുകയും അദ്ദേഹത്തിന് വേണ്ടി പ്രചാരണം നടത്തുകയും ചെയ്തു.
യോഗി ആദിത്യനാഥിനെ അനുകരിക്കും വിധമാണ് 39 കാരനായ ബാലക് നാഥിന്‍റെ രീതികള്‍. കാവി വസ്ത്രമാണ് ധരിക്കുന്നത്. യോഗി ആദിത്യനാഥിന്റെ അതേ നാഥ് വിഭാഗത്തിൽ നിന്നുള്ളയാളാണ് അദ്ദേഹം. യോഗിയെ അദ്ദേഹം തന്റെ “ജ്യേഷ്ഠൻ” എന്നാണ് വിശേഷിപ്പിക്കുന്നത്. തിജാരയിൽ നിന്നുള്ള ബിജെപി എംഎൽഎയായിരുന്നു മമൻ സിംഗ്. എന്നാല്‍, ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബാലക് നാഥിന് ടിക്കറ്റ് നൽകിയത് ആദ്യം അഭിപ്രായവ്യത്യാസങ്ങൾക്ക് കാരണമായി. എന്നാൽ, മമൻ സിംഗ് പിന്നീട് ബാലക് നാഥിന് വേണ്ടി പ്രചാരണം നടത്തി.
അൽവാറിൽ നിന്നുള്ള ബിജെപി എംപി മഹന്ത് ബാലക് നാഥ് പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. തിജാര നിയമസഭാ തെരഞ്ഞെടുപ്പിന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ ഏകദേശം 14 ലക്ഷം രൂപയാണ് സമ്പാദ്യം. റോഹ്തക്കിലെ മസ്ത്നാഥ് മഠത്തിൽ നിന്നുള്ള എട്ടാമത്തെ മഹന്താണ് ബാലക് നാഥ്. 1984ൽ ബെഹ്‌റോദിലെ ഒരു ഗ്രാമത്തിൽ യാദവ കുടുംബത്തിൽ ജനിച്ച ബാലക് നാഥ് മാതാപിതാക്കളുടെ ഏക മകനാണ്. വെറും ആറ് വയസ്സായപ്പോള്‍ ബാലക് നാഥിനെ സന്യാസ ജീവിതത്തിനായി മഹന്ത് ഖേതനാഥിലേക്ക് അയച്ചു. പിന്നീട് അദ്ദേഹം മഹന്ത് വന്ദ് നാഥിന്റെ ശിഷ്യനായി, അദ്ദേഹത്തെ ബാലക് നാഥ് എന്ന് നാമകരണം ചെയ്യുകയും 2016 ൽ തന്റെ പിൻഗാമിയായി പ്രഖ്യാപിക്കുകയും ചെയ്തു. 2017 ഉത്തര്‍പ്രദേശില്‍ അപ്രതീക്ഷിതമായിരുന്നു യോഗി ആദിത്യനാഥിന്‍റെ മുഖ്യമന്ത്രി സ്ഥാനം. തെരഞ്ഞെടുപ്പില്‍ കൂറ്റന്‍ ജയം നേടിയ ബിജെപി മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി ഖൊരക്പുര്‍ എംപിയായിരുന്ന യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനം ഏല്‍പ്പിക്കുകയായിരുന്നു.