മധ്യപ്രദേശിലെ ഉജ്ജ്വലവിജയത്തിനിടയിലും ബിജെപിയെ ഞെട്ടിപ്പിച്ച് 12 മന്ത്രിമാര്‍ക്ക് തോല്‍വി

0
137

ഭോപ്പാല്‍: മധ്യപ്രദേശില്‍ വമ്പന്‍ വിജയം നേടി അധികാരം നിലനിര്‍ത്തിയതിന്റെ ആഹ്ലാദത്തിലാണ് ബി.ജെ.പി. എന്നാല്‍ വിജയാഹ്ലാദങ്ങള്‍ക്കിടയില്‍ ബിജെപിയെ ഞെട്ടിക്കുന്ന ചില തോല്‍വികളും ഉണ്ടായിട്ടുണ്ട്. ആഭ്യന്തരമന്ത്രി നരോത്തം മിശ്രയടക്കം ശിവ്‌രാജ്‌ സിങ് ചൗഹാന്‍ മന്ത്രിസഭയിലെ 12 മന്ത്രിമാരാണ് പരാജയം രുചിച്ചത്.

ദാത്തിയയില്‍ മത്സരിച്ച നരോത്തം മിശ്ര 7742 വോട്ടിന് കോണ്‍ഗ്രസ്സിന്റെ രാജേന്ദ്ര ഭാരതിയോട് പരാജയപ്പട്ടു. അടെറില്‍ നിന്ന അരവിന്ദ് ഭഡോരിയ, ഹര്‍ദയില്‍ മത്സരിച്ച കമല്‍ പട്ടേല്‍, ബാലാഘട്ടില്‍ നിന്ന ഗൗരിശങ്കര്‍ ബിസെന്‍ തുടങ്ങിയ പ്രമുഖ മന്ത്രിമാരും തോല്‍വി ഏറ്റുവാങ്ങി. പ്രേം സിങ് പട്ടേല്‍, മഹേന്ദ്ര സിങ് സിസോദിയ, രാജ്യവര്‍ധനന്‍ സിങ് ദത്തിഗാവോണ്‍, ഭരത് സിങ് കുശ്വാഹ, രാംഖേലവാന്‍ പട്ടേല്‍, സുരേഷ് ധടക് എന്നീ മന്ത്രിമാരും തോറ്റു. സിസോദിയയും ദത്തിഗാവോണും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്.

അതില്‍ ദത്തിഗാവോണ്‍ പരാജയപ്പെട്ടത് ഭന്‍വര്‍ സിങ് ശെഖാവത്തിനോടാണ്. ഈയിടെയാണ് ഭന്‍വര്‍ സിങ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസ്സിലേക്ക് ചേക്കേറിയത്. മുന്‍ മുഖ്യമന്ത്രി ഉമാഭാരതിയുടെ അനന്തരവന്‍ രാഹുല്‍ സിംഗ് ലോധി ഖാര്‍ഗാപൂരില്‍ നിന്ന് പരാജയപ്പെട്ടു. മറ്റൊരു മന്ത്രി രാം കിഷോര്‍ കവ്രെയും തോറ്റു. മധ്യപ്രദേശിലെ സാത്നയിലെ ബി.ജെ.പി എം.പിയായ ഗണേശ് സിങ്ങും ഈ ഇലക്ഷനില്‍ പരാജയപ്പെട്ടു.

എന്നാല്‍ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍, കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമാര്‍, പ്രഹ്ളാദ് പട്ടേല്‍, ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവാര്‍ഗിയ എന്നിവരെല്ലാം വിജയം നേടി. ബുധ്നിയില്‍ നിന്ന് തുടര്‍ച്ചായ ആറാം തവണയാണ് ചൗഹാന്‍ വിജയം നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here