സൂറത്ത്: പത്തുവയസുകാരനായ മകനെ ഡ്രൈവിംഗ് സീറ്റിലിരുത്തി കാറോടിക്കാന്‍ അനുവദിച്ചെന്ന പിതാവിന്റെ പരാതിയില്‍ മാതാവിനും സഹോദരനുമെതിരെ കേസെടുത്ത് പൊലീസ്. ബുധനാഴ്ചയാണ് സൂറത്ത് സ്വദേശിനിയായ ഖുശ്ബു, സഹോദരന്‍ നീരവ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. അശ്രദ്ധമായി വാഹനമോടിക്കുക, മറ്റുള്ളവരുടെ ജീവന്‍ അപകടപ്പെടുത്തുന്ന പ്രവൃത്തി, കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഖുശ്ബിനും നീരവിനുമെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.
ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന ജെനീഷ് എന്നയാളാണ് ഭാര്യ ഖുശ്ബുവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇരുവരും രണ്ട് വര്‍ഷമായി വേര്‍പിരിഞ്ഞാണ് കഴിയുന്നത്. ബന്ധം നിയമപരമായി വേര്‍പ്പെടുത്തിയിട്ടില്ല. ഖുശ്ബുവും മകനും മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
ഓഗസ്റ്റ് രണ്ടിനാണ് കേസിനാസ്പരദമായ സംഭവം നടന്നത്. ഖുശ്ബുവും നീരവും ദാമനിലേക്ക് കാറില്‍ യാത്ര പോയ സമയത്താണ് പ്രായപൂര്‍ത്തിയാവാത്ത മകനെ ഡ്രൈവ് ചെയ്യാന്‍ അനുവദിച്ചതെന്ന് ജെനീഷ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ദേശീയപാത 48ലാണ് സംഭവം നടന്നത്. ദാമനിലേക്ക് പോകുംവഴി നീരവ് ആണ് മകനെ മടിയില്‍ ഇരുത്തി കാര്‍ ഓടിക്കാന്‍ അനുവദിച്ചത്. ഡിസംബര്‍ ആറിന് ഖുശ്ബുവിന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ മകന്‍ വാഹനമോടിക്കുന്ന വീഡിയോ കണ്ടതോടെയാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും ജെനീഷ് പറഞ്ഞു.
പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. ജെനീഷിന്റെ പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ജെനീഷും ഭാര്യ ഖുശ്ബുവും രണ്ട് വര്‍ഷമായി വേര്‍പിരിഞ്ഞാണ് കഴിയുന്നത്. നിയമപരമായി ഇരുവരും ബന്ധം വേര്‍പ്പെടുത്തിയിട്ടില്ല. ജീവനെ അപകടത്തിലാക്കുന്ന ഗുരുതരമായ പ്രവൃത്തിയാണ് നീരവ് കുട്ടിയെ കാര്‍ ഓടിക്കാന്‍ അനുവദിച്ചതിലൂടെ നടത്തിയതെന്നും പൊലീസ് അറിയിച്ചു.