മലപ്പുറം: കുടുംബാംഗമായി കഴിഞ്ഞ ഇതര മതസ്ഥന് മതങ്ങളുടെ വേര്‍തിരിവുകള്‍ക്കപ്പുറം അന്ത്യയാത്രയൊരുക്കിയിരിക്കുകയാണ് മലപ്പുറം ചങ്ങരം കുളത്ത് ഒരു കുടുംബം. തെരുവില്‍ നിന്നെത്തി സഹോദരനായി മാറിയ രാജനെയാണ് ഇസ്ലാം മതവിശ്വാസിയായ അലിമോനും കുടുംബവും ഹിന്ദുമതാചാര പ്രകാരം യാത്രായാക്കിയത്.
മലപ്പുറം നരണിപ്പുഴയെന്ന ഗ്രാമത്തിലാണ് വേറിട്ടൊരു കാഴ്ച കണ്ടത്. പൊതുപ്രവര്‍ത്തകനായ മുഹമ്മദിന്‍റെയടുത്ത് ഭക്ഷണത്തിനുള്ള പണമന്വേഷിച്ച് നാല്‍പ്പതു വര്‍ഷം മുമ്പാണ് നെന്‍മാറക്കാരനായ രാജനെത്തിയത്. പോകാനിടമില്ലാത്തതിനാല്‍ രാജനെ വീട്ടിലേക്ക് കൂട്ടി. മകന്‍ അലിമോനൊപ്പം മകന്‍റെ സ്ഥാനം തന്നെയായിരുന്നു രാജനും. മുഹമ്മദിന്‍റെ കാലശേഷം കുടുംബാഗമായി തന്നെ രാജൻ ജീവിതം തുടർന്നു. ഇതിനിടയിലാണ് ഹൃദ്രോഗം രാജുവിന്‍റെ ജീവന്‍ കവര്‍ന്നത്. നോക്കിവരാന്‍ ആരുമില്ലാതിരുന്ന രാജന്‍റെ അന്ത്യകര്‍മ്മങ്ങള്‍ ഹിന്ദുമാതാചാരപ്രകാരം നടത്താനായിരുന്നു അലിമോന്‍റെ തീരുമാനം. തെരുവില്‍ നിന്നെത്തി കുടുംബത്തിലംഗമായി മാറിയ രാജന്‍റെ ചലനമറ്റ ശരീരം അവസാനമായി മണ്ണംചാത്ത് വളപ്പിൽ അലിമോന്‍റെ വീട്ടിലെത്തി. നാട്ടുകാര്‍ കത്തിച്ചു വെച്ച നിലവിളക്കിനടുത്തായി നാഴിയരിയും ഇടങ്ങഴി നെല്ലും എരിഞ്ഞു കത്തുന്ന ചന്ദനത്തിരിയും വെച്ചായിരുന്നു ചടങ്ങുകൾ. കുറ്റിക്കാട് പൊതു ശ്മശാനത്തിലുയര്‍ന്ന ചിതക്ക് അലിമോനും സഹോദരീപുത്രന്‍ റിഷാനും ചേർന്ന് തീ കൊളുത്തുകയായിരുന്നു.
പ്രിയപ്പെട്ട രാജുവെന്ന രാജന് വിതുമ്പിപ്പൊട്ടിയാണ് അലിമോന്‍ അന്ത്യചുംബനം നല്‍കിയത്. മരണത്തിന് പോലും മായ്ക്കാനാവാത്ത ഈ സ്നേഹബന്ധത്തിന് മുന്നില്‍ കണ്ണീരണിഞ്ഞ് നരണിപ്പുഴയെന്ന ഗ്രാമവും ഒന്നാകെയെത്തിയിരുന്നു. മതത്തിനപ്പുറം സ്നേഹത്തിന്‍റെ രൂപത്തിലൊരുക്കിയ അന്ത്യയാത്രക്ക് സാക്ഷിയാകാന്‍.