കുമ്പള.എൽ.ഡി.എഫ് സർക്കാരിൻ്റെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്താനും തകരുന്ന കേരളത്തിന്റെ നേർചിത്രം ജനമസമക്ഷം അവതരിപ്പിക്കാനുമായി യു.ഡിഎഫിന്റെ നേതൃത്വത്തിൽ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും നടത്തുന്ന വിചാരണ സദസുകളുടെ ഭാഗമായി മഞ്ചേശ്വരം നിയോജക മണ്ഡലം തല വിചാരണ സദസ് ഡിസംബർ 26 ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് കുമ്പളയിൽ നടക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സർക്കാരിനെതിരെയുള്ള യുഡിഎഫിന്റെ കുറ്റപത്രം അവതരിപ്പിച്ച്, ദുർഭരണം കൊണ്ട് ദുരിതം അനുഭവിക്കുന്ന ജനവിഭാഗങ്ങൾ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യുകയാണ് വിചാരണ സദസ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും നേതാക്കൾ വ്യക്തമാക്കി.
മുൻമന്ത്രിയും യു.ഡി.എഫ് ജില്ലാ ചെയർമാനുമായ സി.ടി അഹ്മദലി ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് മണ്ഡലം ചെയർമാൻ അസീസ് മെരിക്കെ അധ്യക്ഷത വഹിക്കും. കൺവീനർ മഞ്ചുനാഥ ആൾവ സ്വാഗതം പറയും.
കെ.പി സി.സി വൈസ് പ്രസിഡൻ്റ് വി.ടി ബൽറാം, മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി എന്നിവർ പ്രഭാഷണം നടത്തും.
രാജ് മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായ എ.കെ.എം അഷ്റഫ്, എൻ.എ നെല്ലിക്കുന്ന് തുടങ്ങിയ യു.ഡി.എഫ് സംസ്ഥാന ജില്ലാ നേതാക്കൾ സംസാരിക്കും.
വാർത്താ സമ്മേളനത്തിൽ മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് ചെയർമാൻ അസീസ് മെരിക്കെ, കൺവീനർ മഞ്ചുനാഥ ആൾവ, എ.കെ. ആരിഫ്, യു.കെ സൈഫുള്ള തങ്ങൾ, ബി.എൻ. മുഹമ്മദലി, ലോക്നാഥ് ഷെട്ടി,രവി പൂജാരി സംബന്ധിച്ചു.