അഡ്വാനിയെയും മുരളി മനോഹർ ജോഷിയെയും തഴഞ്ഞു; രാമക്ഷേത്ര ഉദ്ഘാടനത്തിന് വരേണ്ടെന്ന് ക്ഷേത്രം ട്രസ്റ്റ്

0
175

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ രഥയാത്ര നടത്തുകയും ബാബറി മസ്ജിദ് പൊളിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുകയും ചെയ്ത ബിജെപി നേതാക്കളായ എല്‍കെ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിലേക്ക് ക്ഷണമില്ല. പ്രായവും ആരോഗ്യപരവുമായ കാരണങ്ങളും ചൂണ്ടിക്കാട്ടിയാണ് ഇരുവരുയെും പ്രതിഷ്ഠാചടങ്ങിൽനിന്ന് ഒഴിവാക്കിയിരിക്കുന്നത്.

പ്രായവും ആരോഗ്യവും കണക്കിലെടുത്ത് ഇരുവരോടും ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അഭ്യര്‍ത്ഥിച്ചതായി ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. “ഇരുവരും കുടുംബത്തിലെ മുതിർന്നവരാണ്. അവരുടെ പ്രായം കണക്കിലെടുത്ത് പ്രതിഷ്ഠാചടങ്ങിലേക്ക് വരരുതെന്ന് അഭ്യർത്ഥിച്ചു, അത് ഇരുവരും അംഗീകരിച്ചു,” ചമ്പത് റായ് മാധ്യമങ്ങളോട് പറഞ്ഞു.

അദ്വാനിക്ക് 96 ആണ് പ്രായം. ജോഷിക്ക് അടുത്ത മാസം 90 തികയും. ഇതാണ് ഇരുവരെയും ഒഴിവാക്കാനുള്ള കാരണമായി ക്ഷേത്ര ട്രസ്റ്റ് പറയുന്നതെങ്കിലും രാമക്ഷേത്ര നിർമാണത്തിന്റെ മൊത്തം ക്രെഡിറ്റും നരേന്ദ്ര മോദിയിലേക്ക് മാത്രം പോകാനാണ് ഇങ്ങനെയൊരു നീക്കമെന്ന വിമർശം ശക്തമാണ്. ബിജെപി അധികാരത്തിലെത്തിയ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് നരേന്ദ്ര മോദി ചുക്കാൻ പിടിക്കാൻ തുടങ്ങിയതുമുതൽ പഴയകാല നേതാക്കൾ ഒതുക്കപ്പെടുകയാണെന്ന ആരോപണം ബിജെപിക്കുള്ളിലുണ്ട്.

1990 സെപ്റ്റംബര്‍ 25നാണ് ബാബറി മസ്ജിദ് പൊളിച്ച് രാമക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് എല്‍കെ അദ്വാനി സോമനാഥില്‍നിന്ന് രഥയാത്ര ആരംഭിച്ചത്. 1990 ഒക്ടോബര്‍ 30ന് അയോധ്യയില്‍ രഥായാത്ര അവസാനിപ്പിച്ചപ്പോഴേക്കും രാജ്യത്തെ പലഭാഗങ്ങളിലും വര്‍ഗീയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍പ്പെട്ടു.

ജനുവരി 22നാണ് രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുഖ്യാതിഥി. ജനുവരി പതിനഞ്ചോടെ പ്രതിഷ്ഠാ ചടങ്ങിനുള്ള അവസാന ജോലികളും പൂര്‍ത്തിയാകുമെന്നും പ്രതിഷ്ഠാ പൂജകള്‍ 16 മുതല്‍ ആരംഭിക്കുമെന്നും ട്രസ്റ്റ് അറിയിച്ചു. ജനുവരി 23ന് ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. പ്രതിഷ്ഠാ ചടങ്ങോടെ നരേന്ദ്ര മോദിയുടെ ലോക്‌സഭ തിരഞ്ഞെടുപ്പ് ക്യാമ്പയിനും ആരംഭിച്ചേക്കും.

നാലായിരം സന്ന്യാസിമാർ ഉൾപ്പെടെ 6,200 വിശിഷ്ടാതിഥികൾക്കാണ് പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവെഗൗഡ, ടിബറ്റൻ ആത്മീയനേതാവ് ദലൈലാമ, അമൃതാനന്ദമയി, ബാബാ രാംദേവ്, സിനിമാ താരങ്ങളായ രജനികാന്ത്, അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, അരുൺ ഗോവിൽ, സംവിധായകൻ മധുര് ഭണ്ഡാർക്കർ, പ്രമുഖ വ്യവസായികളായ മുകേഷ് അംബാനി, അനിൽ അംബാനി, പ്രശസ്ത ചിത്രകാരൻ വാസുദേവ് ​​കാമത്ത്, ഐ എസ് ആർ ഒ സ്പേസ് ആപ്ലിക്കേഷൻ സെന്റർ ഡയരക്ടർ നിലേഷ് ദേശായി തുടങ്ങിയവർ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചവരിൽ ഉൾപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here