മംഗളൂരിൽ മുസ്‌ലിം വ്യാപാരികൾക്ക് വിലക്ക്: ക്ഷേത്രം അധികൃതരിൽ നിന്ന് റിപ്പോർട്ട് തേടി

0
215

മംഗളൂരു : ദക്ഷിണ കന്നട ജില്ലയിൽ മറ്റൊരു ക്ഷേത്രം ഉത്സവത്തോടനുബന്ധിച്ച സ്റ്റാളുകളിൽ മുസ്‌ലിം വ്യാപാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയത് സംബന്ധിച്ച് അഡി. ഡെപ്യൂട്ടി കമ്മീഷണർ ജി.സന്തോഷ് കുമാർ റിപ്പോർട്ട് തേടി. ഈ മാസം 14 മുതൽ 19 വരെ നടക്കുന്ന മംഗളൂരു നഗരത്തിലെ കുഡ്പു ശ്രീ അനന്തപത്മനാഭ ക്ഷേത്രം ഷഷ്ഠി മഹോത്സവം ഭാഗമായി ഒരുക്കിയ സ്റ്റാളൂകളിലാണ് മുസ്‌ലിം കച്ചവടക്കാർക്ക് ഭ്രഷ്ട്. തെരുവ് കച്ചവടക്കാരുടെ അസോസിയേഷൻ പ്രസിഡന്റ് ബി.കെ.ഇംതിയാസ് ജില്ല ഡെപ്യൂട്ടി കമ്മീഷണർ എം.പി.മുള്ളൈ മുഹിളന് നൽകിയ നിവേദനം നൽകിയിരുന്നു.

ജില്ലയിൽ 25 ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ള 44 എ ഗ്രേഡ് ക്ഷേത്രങ്ങളിൽ ഒന്നാണിത്. 40 സ്റ്റാളുകളാണ് ഉത്സവകാല വ്യാപാരത്തിനായി ഒരുക്കിയത്. സ്റ്റാളുകളുടെ ലേലം ഇതിനകം ക്ഷേത്രം കമ്മിറ്റി ബന്ധപ്പെട്ട വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ പൂർത്തിയാക്കി.സ്റ്റാളുകൾ അനുവദിക്കണമെങ്കിൽ ഹിന്ദു നാമധാരിയാവണം എന്നതാണ് കമ്മിറ്റിയുടെ നിബന്ധന.

തെരുവ് കച്ചവടം ജീവനോപാധിയായ വലിയ വ്യാപാര സമൂഹത്തെ ബാധിക്കുന്നതാണ് ഈ വിലക്കെന്ന് ഇംതിയാസ് പറഞ്ഞു.ജില്ല ചുമതല വഹിക്കുന്ന ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു വിഷയത്തിൽ പുലർത്തുന്ന നിസ്സംഗത ഖേദകരമാണെന്ന് ആരോപിച്ചു. ഒക്ടോബറിൽ നടന്ന മംഗളൂരു മംഗളാദേവി ക്ഷേത്രം നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ സ്റ്റാളുകളിൽ മുസ്‌ലിം വ്യാപാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.ലേലത്തിൽ പോവാതെ ശേഷിച്ചവയുടെ ലേലത്തിൽ ആറ് മുസ്‌ലിം വ്യാപാരികൾ പങ്കെടുത്തിരുന്നു.അഹിന്ദുക്കൾക്ക് വിലക്ക് ഏർപ്പെടുത്തി ലേലം നടത്തിയതിന് എതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ജില്ല ഡെപ്യൂട്ടി കമ്മീഷണർ നൽകിയ നിർദേശത്തെത്തുടർന്നായിരുന്നു അത്.

നല്ല വ്യാപാര സാധ്യതയുള്ള 71 സ്റ്റാളുകളുടെ ലേലം മുസ്‌ലിം വ്യാപാരികളെ പൂർണമായി മാറ്റിനിർത്തിയായിരുന്നു നടത്തിയത്.വ്യാപാര സാധ്യത കുറഞ്ഞ 34 സ്റ്റാളുകൾ ലേലത്തിൽ പോവാതെ ശേഷിക്കുകയായിരുന്നു.ഇവയിൽ ചെറിയ തോതിൽ കച്ചവടം പ്രതീക്ഷിക്കുന്ന

22 സ്റ്റാളുകളുടെ ലേലത്തിലാണ് മുസ്‌ലിം വ്യാപാരികൾക്ക് പങ്കെടുക്കാൻ അനുമതി നൽകിയത്.ഈ സ്റ്റാളൂകളിൽ 11 എണ്ണം മാത്ര ലേലം പോയതിൽ ആറ് പേർ മുസ്‌ലിം കച്ചവടക്കാർ ഉൾപ്പെട്ടു എന്നാൽ അനന്ത പദ്മനാഭ ക്ഷേത്രത്തിൽ അത്തരം സാധ്യതകളും അടിച്ചാണ് സ്റ്റാളുകൾ അനുവദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here