20 ലക്ഷത്തില്‍ നിന്ന് 8.20 കോടിക്ക് ധോണിയുടെ ടീം റാഞ്ചി, ആരാണ് ഉത്തര്‍പ്രദേശുകാരന്‍ സമീര്‍ റിസ്‌വി ?

0
198

ദുബായ്: റെക്കാഡ് തുകയ്ക്ക് താരങ്ങളെ വാങ്ങിക്കൂട്ടിയ ലേലമെന്ന പേരിലാകും ഇത്തവണത്തെ ഐപിഎല്‍ താരലേലം അറിയപ്പെടുക. ലോക ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കായിരുന്നു ലേലത്തില്‍ പൊന്നുംവില. ഐപിഎല്‍ ചരിത്രത്തിലെ റെക്കാഡ് തുകയ്ക്കാണ് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ ഹൈദരാബാദ് ടീമിലെത്തിച്ചത്.

എന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ സഹതാരം മിച്ചല്‍ സ്റ്റാര്‍ക്ക് ഈ റെക്കാഡ് തകര്‍ത്തു. കമ്മിന്‍സിന് ഹൈദരാബാദ് 20.50 കോടി മുടക്കിയപ്പോള്‍ സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത സ്വന്തമാക്കിയത് 24.75 കോടി രൂപയ്ക്കാണ്. ഐപിഎല്‍ താരലേലങ്ങളില്‍ അപ്രതീക്ഷിതമായി ചില താരങ്ങള്‍ കോടീശ്വരന്‍മാരാകാറുണ്ട്. ആ പതിവ് ഇത്തവണയും ആവര്‍ത്തിച്ചു.

20 ലക്ഷം മാത്രം അടിസ്ഥാനവിലയുണ്ടായിരുന്ന ഒരുപിടി താരങ്ങള്‍ ഇത്തവണയും കോടീശ്വരന്‍മാരായി മാറി. സ്റ്റാര്‍വാല്യൂ ഇല്ലാത്ത താരങ്ങളില്‍ പലരും കോടീശ്വരന്‍മാരായി മാറിയത് ആഭ്യന്തര ക്രിക്കറ്റിലെ മികവ് കൊണ്ടാണ്. ശുഭം ദുബെ, സമീര്‍ റിസ്വി, കുമാര്‍ കുശാഗ്ര, സുശാന്ത് മിശ്ര എന്നിവരെ കോടികള്‍ കൊടുത്താണ് ടീമുകള്‍ സ്വന്തമാക്കിയത്.

ഈ കൂട്ടത്തില്‍ ഏറ്റവും ഞെട്ടിച്ചത് 8.20 കോടി രൂപ മുടക്കി നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തം തട്ടകത്തിലെത്തിച്ച സമീര്‍ റിസ്‌വിയാണ്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള താരമാണ് 20 വയസ്സുകാരനായ സമീര്‍ റിസ്‌വി. യുപി ടി20 ലീഗില്‍ കാണ്‍പുര്‍ സൂപ്പര്‍സ്റ്റാര്‍സിന്റെ വെടിക്കെട്ട് ബാറ്ററാണ് സമീര്‍. ലീഗില്‍ ടീമിനായി ഏറ്റവും കൂടുതല്‍ സിക്സറടിച്ച താരം കൂടിയാണ് സമീര്‍ റിസ്‌വി.

ടൂര്‍ണമെന്റില്‍ രണ്ട് സെഞ്ച്വറിയുള്‍പ്പെടെ 455 റണ്‍സ് നേടിയിട്ടുണ്ട്. ടൂര്‍ണമെന്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയും താരത്തിന്റെ പേരിലാണ്. അണ്ടര്‍ 23 സ്റ്റേറ്റ് എ ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ ഉത്തര്‍പ്രദേശിനെ ജേതാക്കളാക്കിയ നായകനാണ് റിസ്വി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വെടിക്കെട്ട് ബാറ്റിങ്ങാണ് താരം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here